ലക്നൗ: വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും അയൽവാസി വെടിവെച്ചു കൊന്നു. നിസാര കാര്യത്തിന് ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ഇരുവരെയും അയൽവാസി വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു.

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. 50 വയസുകാരനായ രാജേന്ദ്ര ബഹദൂർ സിങ്ങും 22 വയസുള്ള മകൻ അഭയ് പ്രതാപ് സിങ്ങുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി രഞ്ജിത്ത് സിങ് ഒളിവിൽ പോയി. പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രഞ്ജിത്ത് സിങ്ങും സഹോദരനും ട്രാക്ടറിൽ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വഴിമധ്യേ രാജേന്ദ്ര ബഹദൂർ സിങ്ങിന്റെ വീട്ടിലേക്കുള്ള വൈദ്യതി കമ്പി താഴ്ന്ന് കിടന്നതിനാൽ വാഹനം നിർത്തി. ഇതിനെ ചൊല്ലി രഞ്ജിത്ത് സിങ്ങും രാജേന്ദ്ര ബഹദൂർ സിങ്ങും തമ്മിൽ തർക്കമായി. കുപിതനായ രഞ്ജിത്ത് സിങ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു.

അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും വെടിയേറ്റതായി പൊലീസ് പറഞ്ഞു. സംഭവം ഗ്രാമത്തിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം