ന്യൂഡൽഹി: ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി കാണിച്ചതിന് പാർലമെന്ററി സമിതിയോട് രേഖാമൂലം മാപ്പു പറഞ്ഞ് ട്വിറ്റർ. നവംബർ 31 നകം തെറ്റുതിരുത്താമെന്ന് ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിക്ക് ട്വിറ്റർ ഉറപ്പ് നൽകിയതായി സമിതി അധ്യക്ഷ മീനാക്ഷി ലേഖി അറിയിച്ചു.

തെറ്റായ ജിയോ ടാഗിങ്ങാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് ട്വിറ്റർ വിശദീകരിച്ചിട്ടുണ്ടെന്ന് മീനാക്ഷി ലേഖി വ്യക്തമാകക്കി. ഈ വർഷം നവംബർ 30 നകം തെറ്റുതിരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റർ പാർലമെന്ററി സമിതിയെ അറിയിച്ചു. ജനങ്ങൾക്ക് സേവനം നൽകുന്നതിനും ജനവിശ്വാസം ആർജിക്കുന്നതിനും അത് നിലനിർത്തുന്നതിലും ട്വിറ്റർ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കിയതായി മീനാക്ഷി കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയിൽ ട്വിറ്റർ കാണിച്ചത്. വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി ഇടപെടുകയും ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചതിന് കമ്പനിയിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.

കേന്ദ്ര ഐ.ടി മന്ത്രാലയവും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് ട്വിറ്റർ സിഇഒയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ, സാങ്കേതിക പിഴവാണ് എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.