ഗുരുഗ്രാം: മാതാവിനെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന സംശയത്തിൽ 25 കാരൻ മകൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ പട്ടൗഡിയിൽ നടന്ന സംഭവത്തിൽ ഇരയുടെ ആദ്യ വിവാഹത്തിലെ മകനാണ് ക്രൂരത കാട്ടിയത്. തിങ്കളാഴ്ച ഇവരെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പയ്യൻ വിളിച്ചു പറഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിയ രണ്ടാനച്ഛൻ ഭാര്യ മരിച്ചു കിടക്കുന്നത് കണ്ട് പൊലീസിനെ സമീപിച്ചു.

പട്ടൗഡിയിൽ പച്ചക്കറി കച്ചവടം നടത്തുന്നയാളുടെ രണ്ടാം ഭാര്യയാണ് സംഭവത്തിലെ ഇര. മകനെയും ഭാര്യയെയും ഗ്രാമത്തിലെ വീട്ടിൽ നിർത്തി പിതാവ് നഗരത്തിലെ ഒരു ബന്ധുവീട്ടിലാണ് താമസം. നവംബർ 16 ന് മകൻ കടയിൽവന്ന് അമ്മ മരിച്ചു കിടക്കുന്നെന്ന് പിതാവിനെ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ പിതാവ് പൊലീസിനെ വിവരമറിയിച്ചു. ഭാര്യ മരിച്ചു കിടക്കുന്നെന്നും കഴുത്തിൽ ഒരു പാടുണ്ടെന്നും പറഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് സ്ത്രീ സ്വയം ജീവനൊടുക്കിയതാകാം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച നടന്ന പോസ്റ്റുമാർട്ടത്തിൽ യുവതി ബലാത്സംഗത്തിന് ഇരയായെന്നും കഴുത്തു ഞെരിക്കപ്പെട്ടതായും റിപ്പോർട്ട് വന്നതോടെയാണ് പൊലീസിന്റെ ശ്രദ്ധ വീട്ടിനുള്ളിലേക്ക് പോയത്.

യുവതി നേരത്തേ തന്റെ മൂത്ത് സഹോദരന്റെ ഭാര്യയായിരുന്നെന്നും വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചതോടെ താൻ വിവാഹം ചെയ്യുകയായിരുന്നു എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അവരുടെ 25 വയസ്സുള്ള മകൻ എപ്പോഴും ഈ സ്ത്രീയുമായി കലഹിക്കുമായിരുന്നു എന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. ഏതാനും ദിവസം മുമ്പ് പണം ആവശ്യപ്പെട്ടപ്പോൾ അത് നൽകാത്തതിന്റെ പേരിൽ 25 കാരൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീ യുവാവിനെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത ശേഷമായിരിക്കും ബാക്കി നടപടികൾ. സംഭവത്തിൽ ബലാത്സംഗം നടന്നതായും നടത്തിയത് പ്രധാനപ്രതി ആണെന്നും ഉറപ്പാക്കിയിട്ടുണ്ട്.