ബംഗളുരു: റെയ്ഡിന്റെ മറവിൽ ജൂവലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുദ്യോഗസ്ഥർ അറസ്റ്റിൽ. ബംഗളുരുവിലെ ഹലസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അശോക (29) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപ്രവർത്തകൻ ചൊവ്ഡെഗൗഡ ഒളിവിലാണ്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഹമ്മദ് ഷെയ്ഖ് (34), ജീതു അദക്, സൂരജ് (ഇരുവരും 25 വയസ്), സയ്ദ് ഫൈറോസ് (33), നദീം പാഷ (32), സന്ദീപ് (25) എന്നിവരും പിടിയിലാണ്.

അശോകയും ഗൗഡയും ഒഴികെയുള്ളവർ പൊലീസ് വേഷം കെട്ടി എത്തിയവരാണ്. നവംബർ 15നാണ് ആറംഗ സംഘം തിഗലർപേട്ടിലെ സ്വർണ്ണ പണിക്കാരന്റെ കട റെയ്ഡ് ചെയ്ത് സ്വർണം കവർന്നത്. കട പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും വ്യാപാര ലൈസൻസ് കാണിക്കണമെന്നും പറഞ്ഞാണ് സംഘം ഷോപ്പിലെത്തിയത്. തുടർന്ന് സ്വർണം കവർന്ന് രക്ഷപെടുകയായിരുന്നു. 825 ഗ്രാം സ്വർണ്ണമാണ് സംഘം കവർന്നത്.

കടയുടമ അന്ന് തന്നെ നൽകിയ പരാതിയിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച കാറിൻെ്റ നമ്പർ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചത് പ്രതികളിലേക്ക് എത്തിച്ചേരാൻ എളുപ്പമായി. മുഹമ്മദ് ഷെയ്ഖ് എന്ന പ്രതിയുടെ പേരിലാണ് സംഘം സഞ്ചരിച്ച കാർ ഇപ്പോഴുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ മറ്റ് സംഘാംഗങ്ങളെക്കുറിച്ചും സംഘത്തിൽ ഉൾപ്പെട്ട യഥാർത്ഥ പൊലീസുകാരെക്കുറിച്ചും വിവരം ലഭിച്ചു.