ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ബന്ധുവുമായ എൻ.ആർ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയിൽ കണ്ട സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് കർണാടക പൊലീസ് വ്യക്തമാക്കി.

അമിതമായി ഗുളിക കഴിച്ചാണ് സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണ് സന്തോഷ് ചികിത്സയിൽ കഴിയുന്നത്.

സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻെ്റ കാരണം വ്യക്തമല്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. സന്തോഷിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ ഞങ്ങൾ 45 മിനിറ്റോളം ഒരുമിച്ച് നടന്നിരുന്നു. വ്യാഴാഴ്ച പോലും സന്തോഷ് സന്തോഷവാനായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല. കുടുംബവുമായി സംസാരിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും യെദ്യൂരപ്പ പറഞ്ഞു.

പന്ത്രണ്ടോളം ഉറക്കഗുളികൾ കഴിച്ച നിലയിലാണ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യെദ്യുരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്. ഈ വർഷം മെയ് മാസത്തിലാണ് ഇയാളെ യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത്.