- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് 5,000 വർഷത്തിലേറെ പഴക്കം; എണ്ണ ഇറക്കുമതിയുടെ 42 ശതമാനം ആറ് ജിസിസി രാജ്യങ്ങളിൽ നിന്ന്; ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15 ശതമാനവും ഗൾഫ് രാജ്യങ്ങൾ; വിവാദങ്ങളെ മുതലെടുക്കാൻ ചൈനയുടെ ആസൂത്രണം; കാണാതെ പോകരുത് ഇന്ത്യ - അറബ് സൗഹൃദത്തിന്റെ വേരുകൾ
ന്യൂഡൽഹി: പ്രവാചകനെതിരായ പരാമർശം നടത്തിയെന്ന പേരിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് എതിരെ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളും ഇന്ത്യയുമായുള്ള സൗഹൃദത്തിൽ നിന്നും അറബ് രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കാനുള്ള പ്രചാരണങ്ങളുമടക്കം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് അടുത്തിടെ നടന്നത്.
വിവാദത്തെ തുടർന്ന് അറബികളും ഇന്ത്യക്കാരും തമ്മിൽ തുടർന്നു പോന്ന ചരിത്രപരമായ ബന്ധം നിലനിർത്തുന്നതിനും തങ്ങളുടെ മത വികാരങ്ങളെ മാനിക്കണമെന്ന ഗൾഫ് രാഷ്ട്രങ്ങളുടെ അഭ്യർത്ഥനകൾ സ്വീകരിച്ചുകൊണ്ട് വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിച്ച ഇന്ത്യയുടെ നിലപാടും ചർച്ചയായിരുന്നു.
പ്രവാചകനുമായി ബന്ധപ്പെട്ട് അപകീർത്തിപരമായ രീതിയിൽ സംസാരിച്ചവർക്കെതിരെ പരസ്യമായ താക്കീത് നൽകുന്നതിലും നടപടി സ്വീകരിക്കുന്നതിലും ഇന്ത്യ വേണ്ടത്ര പക്വത പ്രകടിപ്പിച്ചതിലൂടെ ഇന്ത്യയുടെ ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണ നിലയിലായിക്കഴിഞ്ഞു.
അതേ സമയം പ്രവാചകന്റെ പേരിൽ പ്രതിഷേധം ഉയർത്തി നിയമം ലഘിച്ചവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് കുവൈത്ത് സർക്കാറിന്റെ തീരുമാനം. ഇതിന്റെ നടപടിയുടെ ഭാഗമായി പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും. കുവൈത്തിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
നാടു കടത്തിൽ നടപടികളിലേക്ക് കടന്നിരിക്കുന്നതായി റിപ്പോർട്ടു ചെയ്തിരിക്കുന്നത് അറബ് ടൈംസ് പത്രമാണ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്ത് പ്രകടനങ്ങളോ ധർണകളോ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ബിജെപിയുടെ ഇരുനേതാക്കൾ നടത്തിയ പരാമർശത്തിന്റെ പേരിൽ അവസരം മുതലെടുത്ത് ഇന്ത്യയുടെ സൽപേരും അന്താരാഷ്ട്ര സമൂഹത്തിലുള്ള പദവിയും ഇല്ലാതാക്കാൻ അഞ്ചാം തലമുറ യുദ്ധത്തിന്റെ പ്രചാരകർ പല പ്രചാരണങ്ങളും തുടരുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കാൻ പോലും ശേഷിയുള്ള തരത്തിൽ ഇന്ത്യക്കെതിരെ പോരാടാനുള്ള പദ്ധതികൾ ചൈന ആസൂത്രണം ചെയ്യുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
പക്ഷേ ഇന്ത്യയെ ബഹിഷ്‌കരിക്കണം എന്നൊക്കെ ആഹ്വാനം ചെയ്യാൻ ഇതൊരു കുട്ടിക്കളിയല്ല. പ്രത്യേകിച്ചും, ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിൽ ചരിത്രപരവും സാംസ്‌കാരികപരവും മതപരവും തന്ത്രപരവുമായ ബന്ധങ്ങൾ പുലർത്തുന്ന സാഹചര്യത്തിൽ.
അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം, സിന്ധുനദീതടത്തിലെയും ദിൽമുനിലെയും വ്യാപാരം നിലനിന്നിരുന്ന കാലഘട്ടം മുതൽ, 5,000 വർഷത്തിലേറെ പഴക്കമുള്ളതാണ്. അറബ് വ്യാപാരികളും വിവിധ മതവിശ്വാസികളുമെല്ലാം സമുദ്രങ്ങൾ താണ്ടി വ്യാപാരത്തിനായും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ആതിഥ്യ രീതികളുമൊക്കെ ആസ്വദിക്കാനും രാജ്യത്ത് എത്തിയിരുന്നു.
5-ാം നൂറ്റാണ്ടു മുതൽ തന്നെ ഗുജറാത്തിലെ ഗോഖ തുറമുഖം സജീവമായി പ്രവർത്തിച്ചിരുന്നു. 10-ാം നൂറ്റാണ്ടു മുതൽ 16-ാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഒരു പ്രധാന വ്യാപാര കേന്ദ്രമായി ഇത് വളർന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായികൾ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോഖയിൽ വന്നിറങ്ങി എന്നും അവിടെ ബർവാഡ പള്ളി പണിതു എന്നുമാണ് ചരിത്രം പറയുന്നത്. ഈ പള്ളിയുടെ ഖിബ് ല ദിശ ജറുസലേമാണ് (മക്കയല്ല).
ബ്രിട്ടീഷ് ഭരണകാലത്ത്, ഗൾഫ് വ്യാപാര മേഖലകളിൽ ബ്രിട്ടീഷുകാർക്ക് താത്പര്യമുണ്ടായിരുന്ന ചില പ്രദേശങ്ങൾ ബോംബെ പ്രസിഡൻസിയാണ് ഭരിച്ചിരുന്നത്. 1960-കൾ വരെ കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ രൂപ നിയമപരമായി അനുവദിക്കപ്പെട്ടിരുന്നു.
ഭക്ഷ്യസുരക്ഷ, പുനരുപയോഗിക്കാവുന്ന ആണവോർജം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, പ്രതിരോധ വ്യവസായം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ബയോടെക്നോളജി, ബഹിരാകാശം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സുരക്ഷ, ക്ലൗഡ് സൊല്യൂഷൻ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയും ഗൾഫ് രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, പ്രവാസികളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ മുതിർന്ന ഗവേഷകനായ രാഹുൽ റോയ് ചൗധരി വിശദീകരിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഉടനീളം 9 ദശലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുണ്ട്. അവരുടെ വൈദഗ്ധ്യം ഗൾഫ് രാജ്യങ്ങൾ ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതേസമയം, അവരുടെ വാർഷിക പണമടയ്ക്കൽ ഇന്ത്യക്കും പ്രയോജനം ചെയ്യുന്നുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം പണമയക്കലിന്റെ 65 ശതമാനം വരും.
''മൊത്തം എണ്ണ ഇറക്കുമതിയുടെ 42 ശതമാനത്തിനും ഇന്ത്യ ആശ്രയിക്കുന്നത് ആറ് ജിസിസി രാജ്യങ്ങളെയാണ്. ഇന്ത്യയിലേക്കുള്ള ഏറ്റവും മികച്ച അഞ്ച് എണ്ണ വിതരണക്കാരിൽ മൂന്നും ഗൾഫ് രാജ്യങ്ങളാണ്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 20 ശതമാനം നൽകുന്നത് സൗദി അറേബ്യയാണ്. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) പ്രധാന വിതരണക്കാർ ഖത്തറാണ്. ഗൾഫിൽ നിന്നുള്ള ഊർജ ഇറക്കുമതിയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'', രാഹുൽ റോയ് ചൗധരി പറഞ്ഞു.
ബിസിനസ്-സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ഇറക്കുമതി വിപണി യുഎഇ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര, ഇറക്കുമതി പങ്കാളി സൗദി അറേബ്യ ആയിരുന്നു.
2022 ഫെബ്രുവരിയിൽ, ഇന്ത്യയും യുഎഇയും തമ്മിൽ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. ഈ വ്യാപാര കരാർ കഴിഞ്ഞ മാസം നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലും ചരക്കു വ്യാപാരം സുഗമമാക്കുന്നതിന്റെയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടുന്നതു സംബന്ധിച്ച് സംയുക്ത സാധ്യതാ പഠനം നടത്താനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്.
2019-20 കാലയളവിൽ, ഗൾഫ് മേഖലയും ഇന്ത്യയും തമ്മിലുള്ള ഹൈഡ്രോകാർബൺ വ്യാപാരം 62 ബില്യൺ ഡോളറായിരുന്നു. ഇത് മൊത്തം ഹൈഡ്രോകാർബൺ വ്യാപാരത്തിന്റെ 36 ശതമാനം വരും. ചുരുക്കത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് 15 ശതമാനവും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
വ്യാപര രംഗത്ത് മാത്രമല്ല, പ്രതിരോധത്തിലും സുരക്ഷയിലും ഒപ്പമുണ്ട്
ഗൾഫ് മേഖലകൾ, പ്രത്യേകിച്ച് സൗദി അറേബ്യയും യുഎഇയും ഇന്ത്യയുമായി എക്കാലത്തും ആഴത്തിലുള്ള സൈനിക, രഹസ്യാന്വേഷണ ബന്ധങ്ങൾ പുലർത്തിയിട്ടുണ്ട്. സമീപകാലത്ത് ഈ ബന്ധം കൂടുതൽ വളർച്ച പ്രാപിക്കുകയും ചെയ്തു.
ഹജ്ജ് മാനേജ്മെന്റിന് പുറമെ വിവിധ രാഷ്ട്രീയ, സാമ്പത്തിക, കോൺസുലാർ, സാംസ്‌കാരിക വിഷയങ്ങളിലുള്ള ബന്ധം മെച്ചപ്പെടുത്താൻ 2019 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ സൗദി അറേബ്യയിൽ സേവനമവനുഷ്ഠിച്ച മുൻ അംബാസഡർ ഡോ. ഔസാഫ് സയീദ് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അംബാസഡർ ആയിരുന്ന കാലത്ത് ഇന്ത്യയും സൗദി അറേബ്യയും മുമ്പ് സഹകരിച്ചു പ്രവർത്തിക്കാത്ത പല മേഖലകളിലും ഒരുമിച്ചു പ്രവർത്തിച്ചു.
2021 മാർച്ചിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ടെലി കോൺഫറൻസ് വഴി ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്ന് സെപ്റ്റംബറിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യ സന്ദർശിച്ചിരുന്നു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ സംയുക്ത നാവിക അഭ്യാസം 'അൽ മൊഹെദ്-അൽ ഹിന്ദി' ഓഗസ്റ്റിൽ സൗദി അറേബ്യയിലെ ജുബൈലിന്റെ കിഴക്കൻ തീരത്ത് നടത്തിരുന്നു. 2022 ഫെബ്രുവരിയിൽ സൗദി ലാൻഡ് ഫോഴ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ലഇന്ത്യയിലേക്ക് ചരിത്രപരമായ ഒരു സന്ദർശനം നടത്തുകയും മുൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ ജനറൽ എം.എം. നരവനയുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
2019 ലെ ഗൾഫ് സമുദ്രത്തിലെ യുഎസ്- ഇറാൻ സംഘർഷ സമയത്ത്, ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറുകൾ ഇറാൻ പിടിച്ചെടുക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനും യുഎഇ ടാങ്കറുകൾ തിരികെ പിടിക്കാനും ഇന്ത്യ നാവിക കപ്പലുകളെ വിന്യസിച്ചിരുന്നു.
2012 ജൂണിൽ, ഇന്ത്യ തിരയുന്ന മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളും 2008 ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്നയാളുമായ സബിയുദ്ദീൻ അൻസാരി എന്ന അബു ജുൻഡാൽ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെട്ടു. ഇയാളെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച് അറസ്റ്റ് ചെയ്തു.
ഇന്ത്യയെ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെടുന്നവർ അത്തരം പ്രസ്താവനകൾ എത്രമാത്രം അർഥശൂന്യമാണെന്ന് ചിന്തിക്കണം. കാരണം ഇത്തരം നടപടികൾ ഇന്ത്യയുമായുള്ള ബന്ധത്തെ മാത്രമല്ല ബാധിക്കുക. അങ്ങനെ വന്നാൽ ഇന്ത്യയിലെ മുസ്ലിം വിശ്വാസികൾക്ക് മക്കയും മദീനയും സന്ദർശിക്കാൻ കഴിയില്ലെന്നും ഓർക്കണം.
നയതന്ത്ര ബന്ധങ്ങൾ തകരുമ്പോൾ സൗദി അറേബ്യയ്ക്കുള്ളിൽ എംബസി പ്രവർത്തിക്കില്ല. ഹജ്ജ് അല്ലെങ്കിൽ ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ തീർത്ഥാടകരുടെ സഹായത്തിന് അവിടെ നയതന്ത്ര പ്രതിനിധികളും ഉണ്ടാകില്ല. അതിലുപരി, ഒരു ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ, ചില രാഷ്ട്രീയ വഴക്കുകളുടെ ഭാഗമായി, ഇന്ത്യൻ മുസ്ലീങ്ങളെ അത്തരം ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് വിലക്കുക എന്ന കടുത്ത നടപടി ഒരിക്കലും സ്വീകരിക്കില്ല.
കോവിഡ് മഹാമാരിക്ക് ശേഷം
കോവിഡ് മഹാമാരിക്കു ശേഷമുള്ള സമയത്ത് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ പുനരുജ്ജീവനത്തിനാണ് സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യയിലെ മുൻ ഇന്ത്യൻ അംബാസഡർ തൽമിസ് അഹമ്മദ് 2021-ൽ ഇന്ത്യയിലെ കാർഷിക വ്യവസായത്തിൽ ഗൾഫിന്റെ നിക്ഷേപത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മതിയായ സംഭരണ, വിതരണ സൗകര്യങ്ങൾ ഇല്ലാത്തതു മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം 8.3 ബില്യൺ ഡോളർ വിലമതിക്കുന്ന, 21 ദശലക്ഷം ടൺ ഗോതമ്പ് നഷ്ടപ്പെടുന്നുണ്ട്. കൂടാതെ, ആവശ്യമായ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം 21 ദശലക്ഷം ടൺ പച്ചക്കറികളും 12 ദശലക്ഷം ടൺ പഴങ്ങളും നഷ്ടപ്പെടുന്നുണ്ടെന്നും ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനു വേണ്ടി നടത്തിയ പഠനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയുടെ കാർഷിക രംഗവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് മേഖലയിൽ യുഎഇ നിക്ഷേപം നടത്തിയത്. ഈ സഹകരണം ഇന്ത്യയുടെ ആഭ്യന്തര ഓഹരികൾ വർദ്ധിപ്പിക്കുകയും യുഎഇയുടെ ആവശ്യങ്ങൾ ഭാഗികമായി നിറവേറ്റുകയും ചെയ്യും. 2022 മെയ് മാസത്തിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ധാന്യ നിരോധനം പ്രഖ്യാപിച്ചിട്ടും സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും ഗോതമ്പ് കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രിക് ഓട്ടോമൊബൈൽ മേഖലയിൽ, ഈ മാസം സൗദി അറേബ്യയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയും ടൊയോട്ട കാറുകൾ നിർമ്മിച്ച് പ്രശസ്തരുമായ അബ്ദുൾ ലത്തീഫ് ജമീൽ കമ്പനി ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹനങ്ങളിലൊന്നായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയിൽ 220 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.
തർക്കങ്ങൾ പരിഹരിക്കാൻ സൗഹാർദപരമായ ഇടപെടൽ
2021 ഒക്ടോബറിൽ, ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു കൊണ്ട്, സൗദി അറേബ്യ തങ്ങളുടെ പുതിയ റിയാൽ നോട്ടിൽ ജി-20 രാജ്യങ്ങളുടെ ഭൂപടം ഉൾക്കൊള്ളിച്ചിരുന്നു. ഈ ഭൂപടത്തിൽ ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെട്ട് നിൽക്കുന്ന പ്രദേശമായാണ് കാണിച്ചിരുന്നത്. അന്നത്തെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് ഈ വിഷയം സൗദി അറേബ്യയുടെ ശ്രദ്ധയിൽ പെടുത്തി. സൗദി പിന്നീട് കറൻസി പിൻവലിക്കുകയും ചെയ്തു.
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തങ്ങളുടെ യോജിപ്പിക്കുകൾക്കും വിയോജിപ്പുകൾക്കും എല്ലാമിടയിലും തകർക്കാനാകാത്ത സൗഹൃദത്തോടെയാണ് മുൻപോട്ടു പോകുന്നത്. ഇരു രാജ്യങ്ങളും മറ്റ് പ്രത്യാഘാതങ്ങൾ ഒന്നും കൂടാതെയാണ് എപ്പോഴും പ്രശ്നങ്ങൾ പരിഹരിച്ചു പോന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഉണർത്താൻ ചില മാധ്യമങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അതല്ല യാഥാർഥ്യമെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞെ മതിയാവു.
ന്യൂസ് ഡെസ്ക്