- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് ഓപ്പണർമാർ; പിന്നാലെ ബാറ്റിങ് തകർച്ച; പൂജാരയും കോലിയും ഡക്ക്! മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തി അജാസ് പട്ടേൽ; ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 111 റൺസ് എന്ന നിലയിൽ
മുംബൈ: ന്യൂസിലൻഡിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച തുടക്കകത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ (44), ചേതേശ്വർ പൂജാര (0), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേലിനാണ് മൂന്ന് വിക്കറ്റുകളും. മായങ്ക് അഗർവാൾ (52), ശ്രേയസ് അയ്യർ (7) എന്നിവരാണ് ക്രീസിൽ.
മഴമൂലം മത്സരം വൈകിയതോടെ ഉച്ചഭക്ഷണം നേരത്തെ ആക്കിയാണ് ടീമുകൾ കളത്തിലിറങ്ങിയത്. 14 ഇന്നിങ്‌സുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിൽ ഇന്ത്യൻ ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്ന കാഴ്ചയോടെയാണ് മത്സരം ആരംഭിച്ചത്. ശുഭ്മൻ ഗില്ലും മയാങ്ക് അഗർവാളും ക്ഷമയോടെ ക്രീസിൽനിന്നാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക്, തൊട്ടുപിന്നാലെ അതേ സ്‌കോറിൽവച്ച് മൂന്നു വിക്കറ്റുകൾ നഷ്ടമായി.ടെസ്റ്റിലെ അഞ്ചാം അർധസെഞ്ചുറി പൂർത്തിയാക്കിയ അഗർവാൾ 52 റൺസോടെയും അയ്യർ ഏഴു റൺസോടെയും ക്രീസിൽ. 121 പന്തുകൾ നേരിട്ട മയാങ്ക് ആറു ഫോറും രണ്ടു സിക്‌സും സഹിതമാണ് 52 റൺസെടുത്തത്. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 31 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തിൽ സ്ലിപ്പിൽ റോസ് ടെയ്ലർക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. അജാസിന്റെ പന്തിൽ താരം ബൗൾഡായി. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോലിയും നിരാശപ്പെടുത്തി. നേരിട്ട നാലാം പന്തിൽ തന്നെ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി.
പട്ടേലിന്റെ ആദ്യ മൂന്നു പന്തുകൾ വിജയകരമായി പ്രതിരോധിച്ച കോലിക്ക് അവസാന പന്തിൽ പിഴച്ചു. എൽബിയിൽ കുരുങ്ങി കോലി പുറത്ത്. അംപയറുടെ തീരുമാനം കോലി റിവ്യൂ ചെയ്തിട്ടും ഫലമുണ്ടായില്ല. പൂജാര അഞ്ച് പന്ത് നേരിട്ട് ഡക്കായതിനു പിന്നാലെ കോലി നാലു പന്തു നേരിട്ട് ഡക്കിനു പുറത്ത്. ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസെന്ന നിലയിൽനിന്ന് മൂന്നിന് 80 റൺസെന്ന നിലയിലേക്ക് തകരുകയും ചെയ്തു.
മുൻപ് മുംബൈ ഇന്ത്യൻസിനായി നെറ്റ്‌സിൽ പന്തെറിഞ്ഞ് ഈ വേദിയിൽ പരിചയമുള്ള വ്യക്തിയാണ് അജാസ് പട്ടേൽ. മാത്രമല്ല, മുംബൈയിൽ ജനിച്ച അജാസ് പട്ടേൽ എട്ടാം വയസ്സിലാണ് കുടുംബത്തിനൊപ്പം ന്യൂസീലൻഡിലേക്കു കുടിയേറിയത്.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതിയത്. പരിക്കേറ്റ അജിൻക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ എന്നിവർ പുറത്തായി. രഹാനെയ്്ക്ക് പകരം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. ജഡേജയ്ക്ക് പകരം ജയന്ത് യാദവ് കളിക്കുന്നു. ഇശാന്തിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കിവീസ് ടീമിലും ഒരുമാറ്റമുണ്ട്. പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പുറത്തായി. ഡാരിൽ മിച്ചൽ പകരമെത്തി. ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്.
കാൺപൂർ ടെസ്റ്റിന്റെ അവസാന ദിവസം ഫീൽഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേൽക്കുന്നത്. രഹാനെ പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പിൽ വ്യക്തമാക്കി. വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയിൽ ഓൾറൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടർന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണിൽ താരത്തെ ഈ പരിക്ക് വലച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്