- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും: നഴ്സുമാരടക്കമുള്ളവർക്ക് വൻ അവസരമൊരുങ്ങിയേക്കും
സിംഗപ്പൂർ: പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും നീക്കം തുടങ്ങി. ഇതിലൂടെ ഇന്ത്യയിൽ പഠിച്ച നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സിംഗപ്പൂരിൽ ജോലി ലഭിക്കാൻ അവസരമൊരുങ്ങും. നമ്മുടെ നഴ്‌സുമാർക്ക് വളരെ ഡിമാൻഡുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിംഗപ്പൂരുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായിട
സിംഗപ്പൂർ: പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും നീക്കം തുടങ്ങി. ഇതിലൂടെ ഇന്ത്യയിൽ പഠിച്ച നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സിംഗപ്പൂരിൽ ജോലി ലഭിക്കാൻ അവസരമൊരുങ്ങും. നമ്മുടെ നഴ്‌സുമാർക്ക് വളരെ ഡിമാൻഡുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിംഗപ്പൂരുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നുമാണ് വ്യാപാരമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ജെഎസ് ദീപക് പറയുന്നത്.
2005ൽ സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിലാക്കിയതിന് ശേഷം ഇന്ത്യയും സിംഗപ്പൂരും ചരക്കുകളുടെ മേലുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ ഇരുരാജ്യങ്ങളിലെയും എഡ്യുക്കേഷണൽ ആൻഡ് പ്രഫഷണൽ ക്വാളിഫിക്കേഷനുകളെ അംഗീകരിക്കാനുള്ള മൂച്വൽ റെക്കഗ്‌നിഷൻ അഗ്രിമെന്റുകളിൽ (എംആർഎ) ഇരുരാജ്യങ്ങളും ഇതുവരെ ഒപ്പുവച്ചിരുന്നില്ല. ഇതിൽ ഒപ്പു വച്ചാൽ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികളോ സർട്ടിഫിക്കറ്റുകളോ സിംഗപ്പൂരിലും അംഗീകരിക്കപ്പെടും. അതിലൂടെ നഴ്‌സുമാരടക്കമുള്ള ഇന്ത്യൻ പ്രഫഷണലുകൾക്ക് സിംഗപ്പൂരിൽ വൻ അവസരവും കരഗതമാകും.
ഇതു സംബന്ധിച്ച കരാർ യാഥാർത്ഥ്യമാകാൻ സമയമെടുക്കുമെന്നാണ് ദീപക് പറയുന്നത്. ഇതൊരു വെല്ലുവിളിയാണെന്നും ഇത് നടപ്പിലാക്കാൻ പരിഷ്‌കാരങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിൽ അനേകം പ്രക്രിയകൾ നടപ്പിലാക്കേണ്ടി വരുമെന്നാണ് വ്യപാരമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുധാൻശു പാണ്ഡെ പറയുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കരിക്കുലത്തിലെ വിടവുകൾ ഇല്ലാതാക്കാൻ തങ്ങൾ പ്രത്യേക മൊഡ്യൂളുകൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൊഴിൽ രംഗത്ത് ഇന്ത്യയുടെ മത്സരബുദ്ധിയും മനുഷ്യവിഭവ കയറ്റുമതിയും വർധിപ്പിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരമന്ത്രാലയവും സിഐഐയും ചേർന്ന് ഒരു സർവീസ് കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. മനുഷ്യവിഭവക്കയറ്റുമതിയിൽ ഒരു പുതിയ മാതൃക പരീക്ഷിക്കുന്നതിലാണീ കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യപാരമന്ത്രാലയം അടുത്ത ഏപ്രിൽ 23 മുതൽ 25 വരെ ഒരു ഗ്ലോബൽ സർവീസ് ഫെയറും സംഘടിപ്പിക്കുന്നുണ്ടെന്ന് ദീപക് അറിയിച്ചു. പ്രധാനമന്ത്രി മോദിയായിരിക്കും ഈ ഫെയർ ഉദ്ഘാടനം ചെയ്യുക.