ഗോൾഡ്‌കോസ്റ്റ്: കോമൺവെൽത്ത് ഗെയിസിംൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഭാരദ്വാഹനത്തിലേയും ഷൂട്ടിങ്ങിലേയും മെഡൽ വേട്ടയ്ക്ക് പിന്നാലെ ഫ്രീസ്റ്റൈൽ ഗുസ്തിയിലൂടെയാണ് ഇന്ത്യ വീണ്ടും സ്വർണ വേട്ട തുടരുന്നത്. ഇടിക്കൂട്ടിൽ നിന്നും ഇന്ത്യ ഇന്ന് സ്വന്തമാക്കിയത് രണ്ട് സ്വർണങ്ങൾ. സുശീൽ കുമാറും രാഹുൽ ആവാരെയുമാണ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണ്ണമണിഞ്ഞത്. ഇതോടെ ഗോൾഡ് കോസ്റ്റിലെ ഇന്ത്യയുടെ സ്വർണ വേട്ട പതിനാലായി.

57 കിലോ ഗ്രാം വിഭാഗത്തിലാണ് രാഹുലിന്റെ നേട്ടം. കാനഡയുടെ സ്റ്റീവൻ തഖാഷിയെയാണ് ഫൈനലിൽ രാഹുൽ പരാജയപ്പെടുത്തിയത്. അതേസമയം വനിതകളുടെ 53 കിലോഗ്രം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബബിത കുമാരിക്ക് സ്വർണം നഷ്ടമായി. ഫൈനലിൽ കാനഡയുടെ ഡയാന വെയ്ക്കറിനോട് പരാജയപ്പെട്ട ബബിതയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 50 മീറ്റർ റൈഫിൾസിൽ ഇന്ത്യയുടെ തേജ്വസിനി സാവന്തും വെള്ളി സ്വന്തമാക്കി.

ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു സുശീൽ കുമാർ. ആരാധകരുടെ പ്രതീക്ഷ സുശീൽ തെറ്റിച്ചില്ല. 74 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഫൈനലിൽ സൗത്ത് ആഫ്രിക്കൻ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യൻ സുശീൽ കുമാർ സ്വർണം നേടിയത്. ഇതിന് മുൻപ് 2010ലും 2014ലും സുശീൽ കുമാർ മെഡൽ നേടിയിരുന്നു. ഗുസ്തിയിൽ ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്.