ഹൈദരാബാദ്: ബഹിരാകാശ ഉഫഗ്രഹ വിക്ഷേപണ രംഗത്ത് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്നിലാക്കാനുള്ള കുതിപ്പിലാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു എന്നതിനാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഐഎസ്ആർഒയുടെ തീയതിക്കായി കാത്തിരിക്കുകയാണ്.

വിദേശത്തുനിന്നുള്ള 68 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറാണ് ഇപ്പോൾ ഐഎസ്ആർഒയുടെ പക്കലുള്ളത്. ഇതിൽ ഒരു ഡസനോളം ഉപഗ്രഹങ്ങൾ അമേരിക്കയുടേതാണ്. അമേരിക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ പ്ലാനറ്റ് ക്യൂവിന്റേതാണ് ഈ 12 ഉപഗ്രഹങ്ങൾ. ഐഎസ്ആർഒയുടെ വിപണന സ്ഥാപനമായ ആൻട്രിക്‌സ് മുഖേനയാണ് വിദേശ രാജ്യങ്ങൾ കരാറിലേർപ്പെടുന്നത്. അമേരിക്ക, ബെൽജിയം, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 74 ഉപഗ്രഹങ്ങൾ ഇതിനകം ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ട്.

ഐഎസ്ആർഒയുടെ ഉഫഗ്രഹ വിക്ഷേപിണിയായ പി.എസ്.എൽ.വിയുടെ വിശ്വാസ്യതയാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നത്. ഇക്കുറി ഭാരമേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനുള്ള കരാറും ലഭിച്ചിട്ടുണ്ടെന്ന് ആൻട്രിക്‌സ് കോർപറേഷൻ മാനേജിങ് ഡയറക്ടർ രാകേഷ് ശശിഭൂഷൺ പറഞ്ഞു.

ജൂലൈ മാസത്തിൽ 20 ഉഫഗ്രഹങ്ങൾ ഒരുമിച്ച് ഐഎസ്ആർഒ ഒരുമിച്ച് വിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ കാർട്ടോസാറ്റ്-2 ഉപഗ്രഹമുൾപ്പെടെയാണിത്. അടുത്ത ഘട്ടത്തിൽ ഇതിനെക്കാൾ കൂടുതൽ ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഗവേഷണകേന്ദ്രമെന്ന് രാകേഷ് ശശിഭൂഷൺ പറഞ്ഞു.