- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിങ് വെടിക്കെട്ട്, വിക്കറ്റ് മേളം; ആലസ്യം വിട്ടുണർന്ന് ഇന്ത്യ; അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത് 66 റൺസിന്; ഇന്ത്യക്ക് ദീപാവലി ജയമധുരം
അബുദാബി: ടി20 ലോകകപ്പിൽ കൂറ്റൻ ജയം അനിവാര്യമായ സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 66 റൺസിന് കീഴടക്കി ഇന്ത്യ സെമിലേക്കുള്ള നേരിയ സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ ഹിമാലയൻ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തിൽ 42 റൺസെടുത്ത കരീം ജന്നത് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും അശ്വിൻ രണ്ടും വിക്കറ്റെടുത്തു.
66 റൺസിന്റെ കൂറ്റൻ ജയത്തോടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനും ഇന്ത്യക്കായി.ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യയുടെ ആദ്യ ജയമാണിത്. സ്‌കോർ ഇന്ത്യ 20 ഓവറിൽ 210-2. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 144-7
കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാൻ ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ തുടക്കത്തിലെ വരിഞ്ഞുമുറുക്കി.മൂന്നാം ഓവറിൽ വമ്പനടിക്കാരനായ മുഹമ്മദ് ഷെഹ്‌സാദിനെ(0) റണ്ണെടുക്കും മുമ്പെ മടക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ആദ്യവിക്കറ്റ് സമ്മാനിച്ചു. നാലാം ഓവറിൽ ഹസ്രത്തുള്ള സാസായിയെ(13) വീഴ്‌ത്തിയ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ആശിച്ച തുടക്കം നൽകി. റഹ്‌മത്തുള്ള ഗുർബാസും(19), ഗുൽബാദിൻ നൈബും(18) നടത്തിയ രക്ഷാപ്രവർത്തനത്തിന് വേഗമില്ലായിരുന്നു. ടീം സ്‌കോർ 50 കടക്കും മുമ്പെ ഗുർബാസിനെ ഹർദിക് പാണ്ഡ്യയുടെ കൈകകളിലെത്തിച്ച് ജഡേജ അഫ്ഗാന് മൂന്നാം പ്രഹരമേൽപ്പിച്ചു.
ഇതുവരെ കരക്കിരുന്ന് കളി കണ്ട അശ്വിന്റേതായിരുന്നു അടുത്ത ഊഴം. അഫ്ഗാൻ മധ്യനിരയിലെ നൈബിനെയും(18), നജീബുള്ള സർദ്രാനെയും(11) അശ്വിൻ വീഴ്‌ത്തിയതോടെ അഫ്ഗാൻ വാലറ്റത്തേക്ക് ചുരുങ്ങി. പിന്നീട് ക്യാപ്റ്റൻ മുഹമ്മദ് നബിയും(32 പന്തിൽ 35) കരീം ജന്നത്തും(22 പന്തിൽ 42*) നടത്തിയ ചെറിയ വെടിക്കെട്ട് അഫ്ഗാനെ 100 കടത്തിയതിനൊപ്പം തോൽവി ഭാരം കുറക്കുകയും ചെയ്തു.
ഇന്ത്യക്കായി മുഹമ്മദ് ഷമി നാലോവറിൽ 32 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ അശ്വിൻ നാലോവറിൽ 14 റൺസിന് രണ്ട് വിക്കറ്റെടുത്തു. ബുമ്ര നാലോവറിൽ 25 റൺസിനും ജഡേജ മൂന്നോവറിൽ 19 റൺസിനും ഓരോ വിക്കറ്റെടുത്തു. രണ്ടോവർ പന്തെറിഞ്ഞ ഹർദിക് പാണ്ഡ്യ 23 റൺസ് വഴങ്ങിയപ്പോൾ ഷർദ്ദുൽ ഠാക്കൂർ മൂന്നോവറിൽ 31 റൺസ് വിട്ടുകൊടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മ-കെ എൽ രാഹുൽ ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്തിലും ഹർദിക് പാണ്ഡ്യ-റിഷഭ് പന്ത് ഫിനിഷിംഗിലുമാണ് 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 210 റൺസ് നേടിയത്. രോഹിത്തും രാഹുലും ഓപ്പണിങ് വിക്കറ്റിൽ 140 റൺസ് ചേർത്തപ്പോൾ പാണ്ഡ്യയും റിഷഭും മൂന്നാം വിക്കറ്റിൽ പുറത്താകാതെ 63 റൺസ് നേടി.
ഓപ്പണർ സ്ഥാനത്ത് മടങ്ങിയെത്തിയ ഹിറ്റ്മാൻ രോഹിത് ശർമ്മ തിരിച്ചുവരവ് ആഘോഷമാക്കി. അഞ്ചാം ഓവറിൽ 50 റൺസ് പിന്നിട്ട രോഹിത്-രാഹുൽ സഖ്യം പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് ചേർത്തു. 10 ഓവറിൽ സ്‌കോർ 85. പിന്നാലെ രോഹിത് 37 പന്തിൽ അന്താരാഷ്ട്ര ടി20യിൽ തന്റെ 23-ാം അർധ സെഞ്ചുറി തികച്ചു. രാഹുൽ 35 പന്തിലും അമ്പതിലെത്തി. ഫിഫ്റ്റിക്ക് പിന്നാലെ ഇരുവരും റാഷിദ് ഖാൻ ഉൾപ്പടെയുള്ള ബൗളർമാരെ കടന്നാക്രമിച്ചതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. 15-ാം ഓവറിൽ ജനതാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 47 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം 74 റൺസെടുത്ത ഹിറ്റ്മാൻ നബിയുടെ കൈകളിലെത്തി.
തകർപ്പനടികളുമായി മുന്നേറിയിരുന്ന രാഹുലിനും പിന്നാലെ അഫ്ഗാന്റെ പിടിവീണു. 17-ാം ഓവറിൽ ഗുൽബാദിൻ രാഹുലിനെ ബൗൾഡാക്കി. രാഹുൽ 48 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും ഉൾപ്പടെ 69 റൺസ് നേടി. പിന്നീട് സിക്സർ പൂരവുമായി ഇന്ത്യയെ 200 കടത്തുകയായിരുന്നു ഹർദിക് പാണ്ഡ്യയും റിഷഭ് പന്തും. ഹർദിക് 13 പന്തിൽ 35 റൺസും റിഷഭ് 13 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു.