ഓവൽ: ഇന്ത്യൻ ഏദകിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കാൻ ഒരു സുന്ദര വിജയം.കരുത്തുറ്റ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം.ആദ്യം ബോളർമാരും പിന്നാലെ ബാറ്റിങ്ങിൽ ഓപ്പണർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ, 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയ.ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചറി നേടി. ഉറച്ച പിന്തുണയുമായി ശിഖർ ധവാനും കൂട്ടുനിന്നതോടെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടും പിറന്നു.

അർധസെഞ്ചുറി നേടിയ രോഹിത് ശർമ 76 റൺസെടുത്താണ് പുറത്താകാതെ നിന്നത്. രോഹിത് 58 പന്തിൽ ആറു ഫോറും അഞ്ചു സിക്‌സും സഹിതമാണ് 76 റൺസെടുത്തത്. ഈ മത്സരത്തോടെ രോഹിത് ഏകദിനത്തിൽ 250 സിക്‌സറുകളെന്ന നേട്ടം പിന്നിട്ടു. ധവാൻ 54 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസോടെയും പുറത്താകാതെ നിന്നു.

രണ്ട് ഇന്നിങ്‌സിലുമായി ആകെ 44 ഓവർ മാത്രമാണ് മത്സരം നടന്നത്. ഏകദിനത്തിൽ ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ 10 വിക്കറ്റിനു തോൽക്കുന്നത് ഇതാദ്യമാണ്. 2011നു ശേഷം അവരുടെ ആദ്യ 10 വിക്കറ്റ് തോൽവി കൂടിയാണിത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 10ന് മുന്നിലെത്തി.

നേരത്തെ, ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട്, 25.2 ഓവറിൽ വെറും 110 റൺസിന് എല്ലാവരും പുറത്തായി. 32 പന്തിൽ ആറു ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്‌ത്തിയത് ഇന്ത്യൻ പേസർമാരാണെന്ന പ്രത്യേകതയുമുണ്ട്. ഇത് ആറാം തവണയാണ് ഇന്ത്യൻ പേസർമാർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാമത് ബോൾ ചെയ്യുമ്പോൾ ഇതാദ്യവും.

ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിനു പുറത്താകുമെന്ന തോന്നലുയർന്നെങ്കിലും, ഒൻപതാം വിക്കറ്റിൽ ഡേവിഡ് വില്ലി ബ്രൈഡൻ കേഴ്‌സ് സഖ്യം കൂട്ടിച്ചേർത്ത 35 റൺസാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയക്കെതിരെ 86 റൺസിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം.

വെറും 68 റൺസിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ടു വിക്കറ്റിൽ ചേർത്തത് 42 റൺസ്! അതേസമയം, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ഏകദിന സ്‌കോറാണിത്. 2006ൽ ജയ്പുരിൽ 125 റൺസെടുത്തതായിരുന്നു മുൻപ് മോശം പ്രകടനം.

ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 7.2 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ സഹിതം 19 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയുടേത്, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്.

മുഹമ്മദ് ഷമി ഏഴ് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്ണ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ യുസ്വേന്ദ്ര െചഹൽ എറിഞ്ഞത് രണ്ട് ഓവറുകൾ മാത്രം.

ഇംഗ്ലിഷ് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്‌ലർക്കു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. മോയിൻ അലി (18 പന്തിൽ രണ്ടു ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തിൽ മൂന്നു ഫോറുകളോടെ 21), ബ്രൈഡൻ കേഴ്‌സ് (26 പന്തിൽ രണ്ടു ഫോറുകളോടെ 15) എന്നിവർ. റീസ് ടോപ്‌ലി ഏഴു പന്തിൽ ഒരു സിക്‌സ് സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ ഏക സിക്‌സർ കൂടിയാണിത്.

ഓപ്പണർ ജെയ്‌സൻ റോയി (0), ജോ റൂട്ട് (0), ബെൻ സ്റ്റോക്‌സ് (0) എന്നിവർ പൂജ്യത്തിനു പുറത്തായത് ഇംഗ്ലണ്ടിന് നാണക്കേടായി. ഇംഗ്ലിഷ് നിരയിൽ ടോപ് ഓർഡറിലെ ആദ്യ നാലു ബാറ്റർമാരിൽ മൂന്നു പേരും ഒരു മത്സരത്തിൽ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.

ഇതിനു മുൻപ് 2018ൽ ഓസ്‌ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡിൽ ജെയ്‌സൻ റോയി, ജോ റൂട്ട്, ജോണി ബെയർ‌സ്റ്റോ എന്നിവർ പൂജ്യത്തനു പുറത്തായതാണ് ആദ്യ സംഭവം. ജോണി ബെയർ‌സ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്ഗ് ഓവർട്ടൻ (ഏഴു പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.പരമ്പരയിലെ രണ്ടാം മത്സരം ലോർഡ്‌സിൽ വ്യാഴാഴ്ച നടക്കും.