- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ തുടക്കവുമായി കെ എൽ രാഹുൽ; കരുത്തറിയിച്ച് ഇഷാൻ; വിജയത്തിലേക്ക് നയിച്ച് പന്തും പാണ്ഡ്യയും; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി ഇന്ത്യ; സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് 7 വിക്കറ്റിന്

ദുബായ്: സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം ആവേശകരമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഇഷാൻ കിഷന്റെയും കെ എൽ രാഹുലിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിൽ ഒരോവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്‌കോർ ഇംഗ്ലണ്ട് 20 ഓവറിൽ 188-5. ഇന്ത്യ 19 ഓവറിൽ 192-3. 46 പന്തിൽ 70 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഇന്ത്യക്കായി കെ എൽ രാഹുലും ഇഷാൻ കിഷനും മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിലെ ആദ്യ മൂന്നോവറിൽ പിറന്നത് 15 റൺസ് മാത്രം. എന്നാൽ ക്രിസ് വോക്‌സ് എറിഞ്ഞ നാലാം ഓവറിൽ ഗിയർ മാറ്റിയ രാഹുൽ മൂന്നു ഫോറും ഒറു സിക്‌സുമടക്കം 18 റൺസടിച്ച് പവർപ്ലേ പവറാക്കി. മാർക്ക് വുഡിന്റെ അടുത്ത ഓവറിൽ ഇഷാൻ കിഷനും മോശമാക്കിയില്ല. രണ്ട് ഫോറും ഒരു സിക്‌സും അടക്കം 16 റൺസ്. 5.1 ഓവറിൽ 50 കടന്ന ഇന്ത്യ സ്പിന്നർമാരെയും നിലംതൊടീച്ചില്ല. ഇന്ത്യക്കെതിരെ അവസാന ഓവറിൽ ആഞ്ഞടിച്ച മൊയീൻ അലിയുടെ ആദ്യ ഓവറിൽ തന്നെ രാഹുൽ 14 റൺസടിച്ചു.
23 പന്തിൽ അർധസെഞ്ചുറി തികച്ച രാഹുൽ മാർക്ക് വുഡിന്റെ അടുത്ത പന്തിൽ പുറത്തായി. ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുൽ 51 റൺസടിച്ചത്. രാഹുൽ പുറത്തുപോയതോടെ ക്യാപ്റ്റൻ വിരാട് കോലി ക്രീസിലെത്തി. അതുവരെ രാഹുലിന്റെ നിഴലിൽ ഒതുങ്ങി നിന്ന ഇഷാൻ കിഷൻ തകർത്തടിക്കുന്നതാണ് പിന്നീട് കണ്ടത്. ആദിൽ റഷീദ് എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ രണ്ട് സിക്‌സും രണ്ട് ഫോറും അടക്കം 24 റൺസടിച്ച കിഷൻ 36 പന്തിൽ അർധസെഞ്ചുറിയിലെത്തി. പതിനഞ്ചാം ഓവറിൽ ബട്ലറും പതിനാറാം ഓവറിൽ ലിയാം ലിവിങ്സ്റ്റണും ഇഷാൻ കിഷനെ കൈവിട്ടതിന് പിന്നാലെ കിഷൻ റിട്ടയേർഡ് ഔട്ടായി. 46 പന്തിൽ 70 റൺസടിച്ച കിഷൻ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി.
അവസാന നാലോവറിൽ ഇന്ത്യക്ക് ജയിക്കാൻ 35 റൺസും രണ്ടോവറിൽ 20 റൺസുമായിരുന്നു വേണ്ടിയിരുന്നത്. കിഷൻ മടങ്ങിയ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് എട്ടു റൺസുമായി മടങ്ങിയെങ്കിലും റിഷഭ് പന്തും ഹർദ്ദിക് പാണ്ഡ്യയും സമ്മർദ്ദമൊന്നുമില്ലാതെ ഇന്ത്യയെ വിജയവര കടത്തി. ക്രിസ് ജോർദ്ദാൻ എറിഞ്ഞ പത്തൊമ്പാതാം ഓവറിൽ ഹർദ്ദിക് രണ്ട് ബൗണ്ടറി നേടിയപ്പോൾ നോ ബോളെറിഞ്ഞ ജോർദ്ദാന്റെ പന്ത് ബട്ലറെ മറികടന്ന് ബൗണ്ടറി കടന്നതോടെ അഞ്ച് എക്‌സ്ട്രാ റണ്ണുകളും ലഭിച്ചത് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി. 14 പന്തിൽ 29 റൺസുമായി റിഷഭ് പന്തും 12 റൺസോടെ ഹർദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറും പറത്തിയാണ് പന്ത് 29 റൺസെടുത്തത്.
ക്യാപ്റ്റൻ വിരാട് കോലിയും സൂര്യകുമാർ യാദവും ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 13 പന്തിൽ 11 റൺസെടുത്ത കോലി ഒറ്റ ബൗണ്ടറിപോലും നേടാതെ ലിയാം ലിവിങ്സ്റ്റണിന്റെ പന്തിൽ ആദിൽ റഷീദിന് ക്യാച്ച് നൽകി മടങ്ങി. ഒമ്പത് പന്തിൽ എട്ട് റൺസടിച്ച സൂര്യകുമാർ ഒരു ബൗണ്ടറിയടിച്ചു. കോലി മടങ്ങിയശേഷം ക്രീസിലിറങ്ങിയ റിഷഭ് പന്ത് മൊയീൻ അലിക്കെതിരെ രണ്ട് സിക്‌സടിച്ചാണ് തുടങ്ങിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീൻ അലിയുടെയും(20 പന്തിൽ 43*) ജോണി ബെയർസ്റ്റോയുടെയും(36 പന്തിൽ 49) ലിയാം ലിവിങ്സ്റ്റണിന്റെയും(20 പന്തിൽ 30) വെിക്കെട്ട് ഇന്നിങ്‌സുകളുടെ കരുത്തിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസടിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.
ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ജോസ് ബട്ലറും ജേസൺ റോയിയും ചേർന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബട്ലറും റോയിയും ചേർന്ന് ഇംഗ്ലണ്ടിനെ നാലാം ഓവറിൽ 36 റൺസിലെത്തിച്ചു. എന്നാൽ നാലാം ഓവറിൽ ബട്ലറെ(13 പന്തിൽ 18) ക്ലീൻ ബൗൾഡാക്കിയ ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ ജേസൺ റോയിയെ(13 പന്തിൽ 17) ബുമ്രയുടെ കൈകളിലെത്തിച്ച് ഷമി ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടു.
ഡേവിഡ് മലനുമൊത്ത് ബെയർസ്റ്റോ ഇംഗ്ലണ്ട് സ്‌കോർ 77 ൽ എത്തിച്ചെങ്കിലും മലനെ(18 പന്തിൽ 18) മടക്കി രാഹുൽ ചാഹർ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. എന്നാൽ മലന് പകരം ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൺ(20 പന്തിൽ 30) ബെയർസ്റ്റോക്ക് ഒപ്പം തകർത്തടിച്ചതോടെ ഇംഗ്ലണ്ട് സ്‌കോർ കുതിച്ചു. പതിമൂന്നാം ഓവറിൽ 100 കടന്ന ഇംഗ്ലണ്ട് പതിനാലാം ഓവറിൽ രാഹുൽ ചാഹറിനെതിരെ 17 റൺസടിച്ച് ടോപ് ഗിയറിലായി. പതിനഞ്ചാം ഓവറിൽ ഷമി ലിവിങ്സ്റ്റണെ വീഴ്‌ത്തിയെങ്കിലും പിന്നീടെത്തിയ മൊയീൻ അലിയും മോശമാക്കിയില്ല.
അർധസെഞ്ചുറിക്ക് ഒരു റൺസകലെ ജോണി ബെയർസ്റ്റോയെ ബൗൾഡാക്കി ബുമ്ര ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ നോക്കിയെങ്കിലും അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 21 റൺസടിച്ചുകൂട്ടി അലി ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഭുവനേശ്വർ കുമാർ നാലോവറിൽ 54 റൺസ് വിട്ടുകൊടുത്തപ്പോൾ രാഹുൽ ചാഹർ നാലോവറിൽ 43 റൺസ് വഴങ്ങി. ബുമ്ര നാലോവറിൽ 26 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ അശ്വിൻ നാലോവറിൽ 23 റൺസ് മാത്രമെ വഴങ്ങിയുള്ളു.


