തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ കലാശപ്പോരാട്ടം. മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളിനു തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ എതിരില്ലാത്ത അഞ്ചുഗോളിനു ശ്രീലങ്കയെ തോൽപ്പിച്ചാണ് അഫ്ഗാൻ ഫൈനലിലെത്തിയത്.

ആദ്യ സെമിയിൽ ജെജെ ലാൽപെഖുലെയുടെ ഇരട്ട ഗോളാണ് ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ഗോൾ നേടി.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 34, 65 മിനിട്ടുകളിലാണ് ലാൽപെഖുലെ ഗോളുകൾ നേടിയത്. സുനിൽ ഛേത്രി 25ാം മിനിറ്റിലും വലകുലുക്കി.

45ാം മിനിറ്റിൽ അഹമ്മദ് നാഷിദും 75ാം മിനിറ്റിൽ അംദാൻ അലിയും മാലദ്വീപിനായി ഗോൾ നേടി. മത്സരത്തിൽ കൂടുതൽ സമയവും ആധിപത്യം ഇന്ത്യക്കായിരുന്നു. ഇന്ത്യയുടെ രണ്ടു ഗോളിനും വഴിയൊരുക്കിയത് നർസാരിയാണ്.

ഇന്ത്യൻ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാലദ്വീപ് ആദ്യ ഗോൾ നേടിയത്.75ാം മിനിറ്റിൽ ലഭിച്ച കോർണർ മുതലാക്കിയാണ് രണ്ടാം ഗോൾ നേടിയത്.