മാലെ: നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് കിരീടം. നായകൻ സുനിൽ ഛേത്രിയും മധ്യനിരതാരം സുരേഷ് സിങ്ങും മലയാളിതാരം സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയയുടെ മൂന്ന് ഗോളുകളും പിറന്നത്. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം ഇത്തവണ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ തിരിച്ചുപിടിച്ചു. 2019-ൽ പരിശീലകനായി സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.

നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തിൽ നിർണായക ഘടകമായത്. ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കുകയും മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലേത്തേണ്ടതായിരുന്നു. മുഹമ്മദ് യാസിറിന്റെ ലോംഗ് റേഞ്ച് ശ്രമം നേപ്പാളി ഗോൾ കീപ്പർ കിരൺ ലിംബു അവിശ്വസനീയമായി കുത്തിയകറ്റി. റീബൗണ്ട് ലഭിച്ച അനിരുദ്ധ് ഥാപ്പയുടെ ശക്തമായ ഷോട്ടും തട്ടിയകറ്റി ലാംബ നേപ്പാളിനെ കാത്തു. പതിമൂന്നാം മിനിറ്റിൽ ഇന്ത്യക്ക് വീണ്ടും അവസരമൊരുങ്ങി. വലുതു വിംഗിൽ നിന്ന് യാസിർ നൽകിയ ക്രോസ് നിയന്ത്രിക്കാൻ പക്ഷെ മൻവീർ സിംഗിനായില്ല.

പതിനേഴാം മിനിറ്റിലാണ് നേപ്പാളിന് ആദ്യ അവസരം ലഭിച്ചത്. വലതു വിംഗിൽ നിന്ന് സുജാൽ ശ്രേസ്ത നൽകിയ ക്രോസ് ഗോളാക്കി മാറ്റാൻ പക്ഷെ അനന്ത തമാംഗിന് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യാസിറിന്റെ ക്രോസിൽ സുനിൽ ഛേത്രി തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപോയി.



രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡെടുത്തു. പ്രീതം കോടാലിന്റെ പാസിൽ നിന്ന് സുനിൽ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഛേത്രിയുടെ ഗോൾ വീണതിന്റെ ആഘോഷം തീരും മുമ്പെ യാസിറിന്റെ തന്നെ ക്രോസിൽ സുരേഷ് സിങ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. 79-ാം മിനിറ്റിൽ ലീഡ് മൂന്നാക്കി ഉയർത്താൻ ഉദാന്ത സിംഗിന് അവസരം ലഭിച്ചെങ്കിലും നേപ്പാൾ പ്രതിരോധനിരയിലെ രോഹിത് ചന്ദിന്റെ മനോഹരമായ ബ്ലോക്ക് ഗോൾ നഷ്ടമാക്കി.

ഒടുവിൽ 85ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിയുടെ ഇഞ്ചുറി സമയത്ത് സോളോ റണ്ണിലൂടെ ഗോൾ നേടി ഇന്ത്യയുടെ ഗോൾപ്പട്ടിക തികച്ചു. ടൂർണമെന്റിൽ തുടക്കത്തിൽ നിറം മങ്ങിയ ഇന്ത്യ തുടർച്ചയായ രണ്ട് സമനിലകൾക്കൊടുവിൽ നേപ്പാളിനെയും മാലദ്വീപിനെയും തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.

പെലെയെ മറികടന്ന ഛേത്രി മെസിക്കൊപ്പം
നേപ്പാളിനെതിരെ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ 80 ഗോളുകളുമായി ഛേത്രി അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസിക്ക് ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ മാലദ്വീപിനെതിരെ ഇരട്ട ഗോൾ നേടി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയെ മറികടന്ന ഛേത്രി ഇന്നത്തെ ഗോളോടെ മറ്റൊരു ഇതിഹാസ താരത്തിനൊപ്പമെത്തി.125 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയത്. മെസ്സി 156 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.