- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
35 പന്തില് 64 റൺസുമായി തകർത്തടിച്ച് അക്സർ പട്ടേൽ; അർധസെഞ്ച്വറികളുമായി സഞ്ജുവും ശ്രേയസ്സും; വീണ്ടൂം അവസാന ഓവർ ത്രില്ലർ; വെസ്റ്റ്ഇൻഡീസിനെതിരെ ഇന്ത്യക്ക് അവിസ്മരണീയ ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റിന്

ട്രിനിനാഡ്: വീണ്ടും അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വിൻഡീസിനെതിരേ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയവും പരമ്പരയും. രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ വിജയത്തിലെത്തി. 35 പന്തിൽ 64 റൺസ് നേടിയ അക്സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്‌കോർ: വിൻഡീസ്-311/6 (50 ഓവർ), ഇന്ത്യ-312/8 (49.4 ഓവർ)
അവസാന ഓവറുകളിൽ അടിച്ചുകളിച്ച അക്സർ പട്ടേലിന് പുറമേ അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (71 പന്തിൽ 63 റൺസ്) മലയാളി താരം സഞ്ജു സാംസണിന്റെയും (51 പന്തിൽ 54 റൺസ്) ഇന്നിങ്സാണ് റൺചേസിൽ ഇന്ത്യയ്ക്ക് മികച്ച അടിത്തറയേകിയത്. ഒരുഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ടീമിനെ വിജയപ്രതീക്ഷ ഉണർത്തിയതും ഈ കൂട്ടുകെട്ടായിരുന്നു.182 റൺസ് സ്ട്രൈക്ക് റേറ്റിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്സറിന്റെ മിന്നും പ്രകടനം. കളിയിലെ താരവും അക്സറാണ്.
വിൻഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റൺസിനിടെ ധവാനും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഒത്തുചേർന്ന ശ്രേയസ് അയ്യർ-സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിൻഡീസ് പിടിമുറുക്കി.

എന്നാൽ വിൻഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകർത്തടിച്ച അക്സർ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.അവസാന മൂന്ന് പന്തിൽ ആറ് റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. കൈയൽ മയേഴ്സ് എറിഞ്ഞ നാലാം പന്ത് സിക്സർ പറത്തിയാണ് അക്സർ വിജയറൺ കുറിച്ചത്. വിൻഡീസ് മണ്ണിൽ ഏകദിനത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്.
നേരത്തേ കരിയറിലെ 100ാം ഏകദിനത്തിൽ സെഞ്ചറിയടിച്ച ഓപ്പണർ ഷായ് ഹോപ്പിന്റെയും (135 പന്തിൽ 115) ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (77 പന്തിൽ 74) മികവിലാണ് വിൻഡീസ് മുന്നൂറു കടന്നത്. കൈൽ മെയേഴ്‌സ് (39), ഷെമാർ ബ്രൂക്‌സ് (35) എന്നിവരും തിളങ്ങി. മെയേഴ്‌സ്, ബ്രൂക്‌സ്, പുരാൻ എന്നിവർക്കൊപ്പം ഹോപ്പ് പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് വിൻഡീസ് ഇന്നിങ്‌സിനു ബലമായത്.
വിൻഡീസിനായി ജോസഫും കൈൽ മയേഴ്സും രണ്ട് വിക്കറ്റ് നേടി. ഇന്ത്യക്ക് വേണ്ടി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റെടുത്തപ്പോൾ ദീപക് ഹൂഡ, അക്ഷർ പട്ടേൽ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.


