ധാക്ക: സാഫ് കപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചിരവൈരികൾക്കെതിരായ ഇന്ത്യയുടെ വിജയം.ഗോൾരഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി.

മൻവീർ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകൾ നേടി. 48, 69 മിനിറ്റുകളിലായിരുന്നു മൻവീറിന്റെ ഗോളുകൾ. ഇന്ത്യയുടെ മൂന്നാം ഗോൾ പകരക്കാരനായി ഇറങ്ങിയ സുമീത് പാസിയുടെ ബൂട്ടിൽ നിന്നായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയൻ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി.

88-ാം മിനിറ്റിൽ ഹസൻ ബഷീറാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്. 86-ാം മിനിറ്റിൽ ഇന്ത്യയുടെ ലല്ലിയാൻസുവാല ചാങ്തെയും പാതിസ്താന്റെ മുഹ്സിൻ അലിയും ചുവപ്പു കാർഡ് കണ്ട് പുറത്തായി. ഇത് നാലാം തവണയാണ് പാക്കിസ്ഥാൻ സാഫ് കപ്പ് സെമിയിൽ തോൽവി അറിയുന്നത്.

എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുക. നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത മാലദ്വീപാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. പതിനഞ്ചിനാണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മാലദ്വീപിനെ തകർത്തിരുന്നു.