ന്യൂഡൽഹി: മണ്ണല്ല, ഹൃദയങ്ങളാണ് കീഴടക്കേണ്ടതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയങ്ങൾ കീഴടക്കുക എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അല്ലാതെ ഭൂമി കീഴടക്കുന്നതിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഹൃദയങ്ങൾ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഭൂമിയല്ല. എന്നാൽ നമ്മുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കാൻ ആരേയും അനുവദിക്കുമെന്ന് അതിന് അർഥമില്ല. ഇന്ത്യ ആരേയും ആക്രമിക്കുകയോ ആരുടേയെങ്കിലും ഭൂമി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു'- പ്രതിരോധ മന്ത്രി പറഞ്ഞു.

മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 'ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കിൽ, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നൽകും. ദേശീയ സുരക്ഷാ വിഷയത്തിൽ എന്തു തന്നെ ചെയ്താലും അത് സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല' രാജ്‌നാഥ് പറഞ്ഞു.