- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ തീരുമാനം നയതന്ത്രതലത്തിൽ വരുന്നതുവരെ ഫിംഗർ 3നും 8നും ഇടയ്ക്ക് ഇരുവിഭാഗവും പട്രോളിങ് നടത്തില്ല; ബഫർ സോണിലെ ഒത്തു തീർപ്പ് തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കോ? കടന്നു കയറ്റ ഭീഷണി ഇപ്പോഴുമുണ്ടെന്ന് കരസേനയും; ലഡാക്കിലെ സേനാ പിന്മാറ്റത്തിനിടെയിലും ആശങ്കകൾ ശക്തം

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം പ്രശ്‌ന പരിഹാര സൂചനകൾ നൽകുമ്പോഴും ആശങ്ക ശക്തം. ഇന്ത്യ പെട്രോളിങ് നടത്തിയിരുന്ന പ്രദേശങ്ങളും ഇനി ബഫർ സോണായി മാറുമെന്നാണ് സൂചന.
തന്ത്രപ്രധാന മലനിരകളായ ഫിംഗർ 4ൽനിന്ന് ഫിംഗർ 8ന്റെ കിഴക്കൻ മേഖലയിലേക്കായിരിക്കും ചൈനീസ് പിന്മാറ്റം. ഇന്ത്യയാകട്ടെ സ്ഥിരം താവളമായ ഫിംഗർ 3യിലെ ധൻ സിങ് ഥാപ്പ പോസ്റ്റിൽ ക്യാംപ് തുടരും. പുതിയ തീരുമാനം നയതന്ത്രതലത്തിൽ വരുന്നതുവരെ ഫിംഗർ 3നും 8നും ഇടയ്ക്ക് ഇരുവിഭാഗവും പട്രോളിങ് നടത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇത് ബഫർ സോണാകും. നേരത്തെ ഇന്ത്യ പെട്രോൾ നടത്തിയിരുന്ന മേഖലയാണ് ഇത്. ഇതിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് കൈമോശം വരുമെന്ന വിലയിരുത്തലും സീജവമാണ്.
ഫിംഗർ 4, ഫിംഗർ 8 മലനിരകൾക്കിടയിൽ ബങ്കറുകൾ ഉൾപ്പെടെ ചൈന നിർമ്മിക്കുകയും ഫിംഗർ 4ന് അപ്പുറത്തേക്ക് ഇന്ത്യയുടെ പട്രോളിങ് തടയുകയും ചെയ്തതാണ് കഴിഞ്ഞ വർഷം വൻ സംഘർഷത്തിലേക്കു നയിച്ചത്. ഇതിനെയാണ് നുഴഞ്ഞു കയറ്റമായി ചിത്രീകരിച്ചത്. ഈ മേഖലയുടെ അവകാശം ഇന്ത്യയ്ക്കായിരുന്നു. ഈ മേഖല ബഫർ സോണാകുമ്പോൾ ആ നിയന്ത്രണം പോകും. അതിനിടെ അതിർത്തിയിലെ അസ്വസ്ഥമായ അന്തരീക്ഷം ഇനിയും തെളിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവനെ വിശദീകരിക്കുകയും ചെയ്യുന്നു.
'പല പുതിയ ഭീഷണികളുമുണ്ട്. പാരമ്പര്യത്തെ വെല്ലുവിളിച്ചുള്ള ശത്രുക്കളുടെ കടന്നുകയറ്റം അവസാനിച്ചിട്ടില്ല. അവ വർധിക്കുകയാണു ചെയ്തിരിക്കുന്നത്. ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറെടുപ്പ് തുടരുകയാണ്. അതിർത്തിയിൽ ഏറെ അടുത്ത, യഥാർഥമായുള്ള, നിലവിലെ അപകടങ്ങൾ ഒരുകാരണവശാലും കണ്ടില്ലെന്നു നടിക്കാനാകില്ല' ചൈനയുമായി അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയെ പരാമർശിച്ച് നരവനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ സേനാ പിന്മാറ്റത്തിനിടെയിലും ഇന്ത്യ നിരീക്ഷണം ശക്തമായി തുടരും.
പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളിൽനിന്നാണ് ചൈനയുടെ പിന്മാറ്റം. പാംഗോങ്ങിൽ സേനാ പിന്മാറ്റത്തിന് ധാരണയായതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചിരുന്നു. 'ചൈന ഏകപക്ഷീയമായി സൈനികബലം കൂട്ടുകയും അതിർത്തി ലംഘത്തിന് ശ്രമിച്ചതുമാണ് സമാധാനം തകർത്തത്. അതിർത്തിയിലെ സാഹചര്യം ഉഭയകക്ഷി ബന്ധത്തെ ബാധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ച് താൽപര്യങ്ങളും പരമാധികാരവും സംരക്ഷിക്കുകയായിരുന്നു...' രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തത തേടാൻ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു.
പാംഗോങ്ങിനു വടക്ക് ഫിംഗർ 4ൽനിന്ന് ഫിംഗർ 8ലേക്ക് ചൈന പിന്മാറണമെന്നതായിരുന്നു ഒൻപതു തവണയായി നടന്ന ചർച്ചകളിലെ ഇന്ത്യയുടെ പ്രധാന ആവശ്യം. പാംഗോങ് തടാകത്തിനു തെക്ക് ഇന്ത്യയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചൈന വഴങ്ങിയ നിലയ്ക്ക് ഇന്ത്യയും അവിടെനിന്നു പിന്മാറും. ഏപ്രിൽ 20 മുതൽ വടക്ക്, തെക്ക് ഭാഗങ്ങളിൽ തുടർന്നുവന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഇരു വിഭാഗവും അവസാനിപ്പിക്കും.
പഴയ നില പുനഃസ്ഥാപിക്കുകയും ചെയ്യും. തടാകത്തിന്റെ വടക്ക്‌തെക്ക് ഭാഗങ്ങളിൽനിന്ന് പൂർണമായും ഒഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളിലെയും സീനിയർ കമാൻഡർമാർ സ്ഥിതി വിലയിരുത്താൻ കൂടിക്കാഴ്ച നടത്തും.


