ഇന്ത്യാ - ചൈന സംഘർഷത്തിൽ സൈനികന് വീരമൃത്യു; വീരചരമം പ്രാപിച്ചത് സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സിലെ കമ്പനി ഉദ്യോഗസ്ഥൻ; മരണം പട്രോളിങ് നടത്തുന്നതിനിടെയാണ് ജവാൻ മൈൻ സ്‌ഫോടനത്തിൽ അതിർത്തിയിൽ ചൈനയുടെ പ്രകോപനം ശക്തമെന്ന് സൈനിക വൃത്തങ്ങൾ; വൻ തോതിലുള്ള സേനാവിന്യാസവുമായി ഇന്ത്യയും
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഇന്ത്യാ ചൈന സംഘർഷത്തിൽ സൈനികന് വീരമൃത്യു. സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സിലെ കമ്പനി ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പട്രോളിങ് നടത്തുന്നതിനിടെയാണ് ജവാൻ മൈൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബിഎംപി ഇൻഫന്ററി കോംബാറ്റ് വാഹനങ്ങളും വിവിധ ടാങ്കർ ശ്രേണിയുമടക്കം നിരത്തി വൻതോതിലുള്ള സേനവിന്യാസമാണ് ഇന്ത്യ മേഖലയിൽ നടത്തിയിരിക്കുന്നത്. അടുത്തിടെയാണ് നിയന്ത്രണരേഖയോടു ചേർന്ന് ഇത്തരത്തിലുള്ള നീക്കം ഇന്ത്യ നടത്തിയത്.
അതേ സമയം ലഡാക്കിലെ പാംഗോങ് തടാകമുൾപ്പെടെ നാലിടങ്ങളിൽ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസർക്കാർ. തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലെ ചുമാർ സെക്ടറിലാണ് ചൈനയുടെ പ്രകോപനമുണ്ടായത്. വിഷയത്തെ ഇന്ത്യൻ സൈന്യം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ടാങ്കുകൾ ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതൽ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചിരുന്നു. അഞ്ച് തവണയായി നടന്ന സൈനിക തല ചർച്ചയിലും നാലുതവണ നടന്ന നയതന്ത്ര ചർച്ചയിലും രൂപപ്പെടുത്തിയ ധാരണകൾ പാലിക്കാൻ ചൈന തയ്യാറായില്ല. ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് തുടർച്ചയായി പ്രകോപനം ഉണ്ടാകുന്നത്.
ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ചർച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. വിഷയത്തിൽ നയതന്ത്രതലത്തിൽ ഇന്ത്യപ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിർത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
മേഖലയിൽ ഇന്ത്യൻ സൈന്യത്തിനുള്ള മേൽകൈ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്. ഇവിടെയുള്ള ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം വളയുകയും ചെയ്തു. എന്നാൽ ഇനിയും മുന്നോട്ടുപോകരുതെന്ന് സൈന്യം ചൈനീസ് സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തടയാൻ ഇന്ത്യൻ സൈന്യം അവിടെ നിലയുറപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അവിടേക്ക് വിന്യസിച്ചത്.
ചർച്ചകളിലുണ്ടായ ധാരണകൾ പാലിക്കാതെ പാംഗോങ് തടാകത്തിലെ പ്രദേശങ്ങളിൽ നിന്ന് ചൈന പിന്മാറാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇവിടെ ചൈനീസ് അതിക്രമം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ അറിയാൻ ചൈനീസ് സൈന്യം ചാരവൃത്തിക്കായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഇന്ത്യൻ സൈന്യം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്മർ സന്ദർശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. അതിർത്തിയിൽ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. അയൽക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്നും അമേരിക്ക പറയുന്നു.
മറുനാടന് ഡെസ്ക്