കരയിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനം; വലിയൊരു വിഭാഗം ടാങ്കുകൾ; 150 ഓളം യുദ്ധവിമാനങ്ങൾ... പോരാത്തതിന് 50,000 സൈനികരും! അതിർത്തിയിൽ ചൈന നടത്തുന്നത് യുദ്ധകാലത്തു മാത്രം നടത്തുന്ന സൈനിക നീക്കങ്ങൾക്കു സമാനം; മുൻകരുതലുകൾ എടുത്ത് ഇന്ത്യയും; അതിർത്തിയിലേത് അതിസങ്കീർണ്ണ സാഹചര്യങ്ങൾ; മോസ്കോ ചർച്ചയിലെ വികാരം അതിർത്തിയിൽ കാണുന്നില്ല
- Share
- Tweet
- Telegram
- LinkedIniiiii
മോസ്കോ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അതിർത്തി സംഘർഷം തുടരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയും അതിർത്തിയിൽ ജാഗ്രത തുടരും. ഇപ്പോഴും അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണുള്ളത്.
അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുകയാണ്. നിയന്ത്രണരേഖയിൽ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണരേഖയിലുടനീളം ചൈന സേനാ വിന്യാസം തുടരുകയാണ്. ചൈന 50,000 സൈനികരെ കൂടുതലായി വിന്യസിച്ചു. പോരാത്തതിന് നിരവധി പോർവിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയും സേനാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി (ചൈനീസ് സൈന്യം) ലഡാക്ക് ഭാഗത്തേക്കു കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളും എത്തിക്കുകയാണെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെ വെളിപ്പെടുത്തിയിരുന്നു. യുദ്ധത്തിനാണ് ചൈനയുടെ നീക്കമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ചർച്ച തുടരുമ്പോഴും ഇന്ത്യ അതിശക്തമായി തന്നെ അതിർത്തിയിൽ നിലയുറപ്പിക്കും. ചൈനയുടെ ആർമ്മി പിന്നോട്ട് പോകും വരെ ഇത് തുടയും. ടാങ്കുകൾ അടക്കമുള്ള സൈനിക വാഹനങ്ങളും പാരാ ട്രൂപ്പർമാർ, പ്രത്യേക സൈനികർ, കാലാൾപ്പട എന്നിവരടക്കമുള്ള സൈനികരെയും ചൈന അതിർത്തിയിലേക്ക് മാറ്റുകയാണെന്നും സൂചനകളുണ്ട്. യുദ്ധകാലത്തു മാത്രം നടത്തുന്ന സൈനിക നീക്കങ്ങൾക്കു സമാനമാണിതെന്നാണു വിലയിരുത്തൽ.
എൽഎസിക്ക് മുന്നിലുള്ള ഫോർവേഡ് പോസ്റ്റുകൾക്ക് ചുറ്റുമുള്ള പരിധി ലംഘിക്കാനുള്ള ഏതൊരു ശ്രമവും ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്നും കരസേന പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമായി ചൈനയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ചൈന 50,000 സൈനികരെ വിന്യസിച്ചു എന്നാണ്. ഇതോടൊപ്പം കരയിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനം, വലിയൊരു വിഭാഗം ടാങ്കുകൾ, 150 ഓളം യുദ്ധവിമാനങ്ങൾ എന്നിവ ചൈന വിന്യസിച്ചിട്ടുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 71ാം ഗ്രൂപ്പിൽനിന്ന് എച്ച്ജെ 10 ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ എത്തിക്കഴിഞ്ഞുവെന്നു ചൈന സെൻട്രൽ ടെലിവിഷനും പറയുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിനു കീഴിൽ വരുന്ന ഭാഗമാണ്. ചൈനീസ് സൈന്യത്തിന്റെ ഏറ്റവും വലിയ കമാൻഡ് ആണിത്. ഇപ്പോൾ ലഡാക്കിൽ ചൈനയുടെ 150 യുദ്ധവിമാനങ്ങളും ഉണ്ട്. സംഘർഷത്തിനുള്ള തയ്യാറെടുപ്പാണോ ചൈന നടത്തുന്നത് എന്ന് കാര്യമായ സംശയമുണ്ട്. അതിർത്തിയിൽ അതിസങ്കീർണ സാഹചര്യം നിലനിൽക്കുന്നതിനിടയിലാണു ഇന്ത്യ ചൈന കൂടിക്കാഴ്ച നടന്നത്. മോസ്കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ-ചൈന വിദേശകാര്യമന്ത്രിമാർ ധാരണയായി എന്നാണഅ സൂചന. ഇരു നേതാക്കളും ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറ്റാതെ പരിഹാരം കാണാൻ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ അഭിപ്രായമാരായും. സംഘർഷം ഇരു രാജ്യങ്ങളുടെയും വിശാല തൽപര്യങ്ങൾക്ക് എതിരാണ്. നിലവിലുള്ള എല്ലാ കീഴ്വഴക്കങ്ങളും പ്രോട്ടോകോളുകളും ഒപ്പുവച്ച കരാറുകളും ഇരു രാജ്യങ്ങളും അനുസരിക്കും-പ്രസ്താവനയിൽ പറയുന്നു. ഒരിക്കൽ സംഘർഷം അയഞ്ഞാൽ പരസ്പര സഹകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.
സൈനികതല ചർച്ച തുടരും, സംഘർഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമാധാനം ഉറപ്പാക്കുാനുള്ള ശ്രമങ്ങൾ സജീവമാക്കുമെന്നും അറിയിക്കുന്നു. അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ജയ്ശങ്കർ, വാങ് യി കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. അതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ ഉടൻ ചർച്ച നടത്താൻ ധാരണയായി. ചൈനയുടെ ഭാഗത്തു നിന്നും പുതിയ പ്രകോപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ