- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി; എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ആർടി പിസിആർ പരിശോധന നടത്തണം; കോവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരവേ കോവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ദ്രുതപരിശോധനയിൽ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കർശന മാർഗനിർദ്ദേശം നൽകിയത്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പിസിആർ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിർദ്ദേശം. ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല, നേരത്തെ രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിന് അടുത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95,735 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. 1172 പേർക്ക് ഇന്നലെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇതോടെ ഇതുവരെ മരണം 75,062 ആയി. 34,71,783 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇനി ചികിത്സയിലുള്ളത് 9,1908 പേരാണ്. കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം പുതിയ രോഗികളാണുണ്ടായത്. ഇന്നലെ മാത്രം 23,816 പേർ രോഗികളായി.
ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,418, കർണാടകയിൽ 9,540, ഉത്തർ പ്രദേശിൽ 6568, തമിഴ്നാട്ടിൽ 5584. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് 1.6 ശതമാനം ഇടിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 77.7 ആണ് നിലവിലിത്. രോഗ നിയന്ത്രണത്തിൽ കർശന നിലപാടെടുക്കാൻ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11.29 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. എന്നാൽ ഏറ്റവുമധികം സാമ്പിളുകൾ പരിശോധിച്ചത് സെപ്റ്റംബർ 3നാണ്. 11.72 ലക്ഷം. ഇന്നലെ വരെ 5,29,34,433 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. പ്രതിദിന പോസിറ്റീവിറ്റി റേറ്റ് 8.4 ആയി ഉയർന്നിട്ടുണ്ട്.രാജ്യ തലസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവുമധികം എണ്ണം രേഖപ്പെടുത്തിയത് ബുധനാഴ്ചയാണ്. 4000ലധികമാണ് ഇവിടെ രോഗികളുടെ എണ്ണം. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ ഓഗസ്റ്റ് 7ന് 20 ലക്ഷം രോഗികളായി.
ഓഗസ്റ്റ് 23ന് ഇത് 30 ലക്ഷമായി. സെപ്റ്റംബർ 5ന് ഇത് 40 ലക്ഷമായി. അമേരിക്കയ്ക്ക് ശേഷം ഏറ്റവുമധികം രോഗികളുള്ളത് ഇന്ത്യയിലാണ്. ബ്രസീൽ,റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് മറ്റ് രാജ്യങ്ങൾ.അമേരിക്കയിൽ 63.59 ലക്ഷം രോഗികളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ