മുംബൈ: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും രണ്ടുലക്ഷത്തിലേറെ കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഒറ്റദിവസത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതർ. ഇന്ന് 45,335 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 30,04,391 ആയി. മരിച്ചവരുടെ എണ്ണം 59,551 ആയി. സജീവകേസുകൾ 6,38,034 ആണ്.നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂണെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

ഡൽഹിയിൽ 19,486 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിനവർധനയാണ്. 141 പേർ മരിച്ചു. ഇന്ന് 12,649 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേർ രോഗമുക്തരായി. 11,793 പേർ മരിച്ചതായി ഡൽഹി ആരോഗ്യമന്ത്രാലയം അറിയിച്ചു

കോവാക്‌സിൻ ഉത്പാദനം ഇരട്ടിയാക്കും

കോവാക്സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കാനാണ്് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ജൂലൈ ഓഗസ്‌ററിനുള്ളിൽ ഇത് 6-7 മടങ്ങ് വരെ ഉത്പാദനം വർദ്ധിപ്പിക്കും. ഇതിന് വേണ്ടി വാക്സിൻ നിർമ്മാതാക്കൾക്ക് കേന്ദ്രസർക്കാർ സാമ്പത്തിക സഹായമുൾപ്പെടെ ഉറപ്പുവരുത്തും.

ഏപ്രിൽ-മെയ് മാസങ്ങളിൽ ഒരു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കിൽ ജൂലായ് - ഓഗസ്റ്റ് മാസങ്ങളിൽ ഇത് 6-7 കോടി ഡോസാക്കി ഉയർത്തും. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്സിനാവും ഉത്പാദിപ്പിക്കുക. ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്നിവയാവും വാക്സിൻ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സർക്കാർ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്സിൻ ആണ് ഈ നിർമ്മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്

കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകോഴിക്കോടാണ്. 1,560 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയാണ് തൊട്ട് പുറകിൽ. 1,391 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1523 പേർക്കാണ് രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 464 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളിൽ ചികിത്സയിലുള്ളത് 7,831 പേരാണ്. മറ്റു ജില്ലകളിൽ 48 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. 542 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.ഇതുവരെ 15,76,217 ആളുകൾ കോവിഡ് പരിശോധനയ്ക്ക് വിധേയമായി. 1,39,941 പേർക്ക് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളിൽ നിരോധനാജ്ഞ

കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർമാർ ഉത്തരവിറക്കി. കോഴിക്കോട് എല്ലാ കണ്ടെയ്ന്മെന്റ് സോണുകളിലും കലക്ടർ 144 പ്രഖ്യാപിച്ചു. നിലവിൽ 32 തദ്ദേശസ്ഥാപനങ്ങളിലായി 108 വാർഡുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായിട്ടുള്ളത്. പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു.

തൊഴിൽ, അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ന്മെന്റ് സോണുകളിലെ ആരാധനാലയങ്ങളിലെ പ്രാർത്ഥനാച്ചടങ്ങുകളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. കോഴിക്കോട് ഇന്ന് 1560 പേർക്കാണ് രോ?ഗം സ്ഥീരികരിച്ചത്. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വയനാട്ടിൽ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 30വരെയാണ് നിയന്ത്രണങ്ങൾ. സുൽത്താൻ ബത്തേരി, കൽപറ്റ നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, തരിയോട്, മേപ്പാടി, വെങ്ങപ്പള്ളി, അമ്പലവയൽ, പൊഴുതന പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്ന് 348 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു.



1,33,836 പരിശോധനകൾ

കൂട്ടപ്പരിശോധനയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് നടത്തിയത് 1,33,836 പരിശോധനകൾ. ഏറ്റവും കൂടുതൽ പേർ പരിശോധന നടത്തിയത് കോഴിക്കോട് ജില്ലയിലാണ്. 19,300 പേരെയാണ് പരിശോധിച്ചത്. ഏറ്റവും കുറച്ചുപേർക്ക് പരിശോധന നടന്നത് ഇടുക്കിയിലാണ്.

എറണാകുളം ജില്ലയിൽ രണ്ട് ദിവസത്തിനുള്ളിൽ 31000 കോവിഡ് പരിശോധനകൾ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. എല്ലാ സർക്കാർ ആശുപത്രികൾക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പ്രത്യേക പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ചു. ജില്ലയിൽ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകൾ പ്രവർത്തിച്ചു.