- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതിൽ കൂടുതലോ ആയാൽ ലോക് ഡൗൺ ആകാം; ആശുപത്രി കിടക്കകൾ 60 ശതമാനത്തിൽ അധികം നിറഞ്ഞാലും കടുത്ത നിയന്ത്രണം കൊണ്ടുവരാം; കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങൾ നടപ്പാക്കാം; രാത്രി കർഫ്യുവും അവശ്യ വസ്തുവിതരണവും അടക്കം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
ന്യൂഡൽഹി: കേരളം സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.പഞ്ചാബിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ. വാരാന്ത്യ ലോക്ക്ഡൗണും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെയാണ് ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കുമ്പോഴും 60 ശതമാനത്തിലധികം ആശുപത്രി കിടക്കകൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ വരെയുള്ള കടുത്ത നിയന്ത്രണങ്ങൾ ആകാമെന്ന് കേന്ദ്രം നിർദ്ദേശിക്കുന്നു.
ഒരു പ്രദേശത്തു ലോക്ക്ഡൗൺ അല്ലെങ്കിൽ 'വലിയ കണ്ടെയ്ന്മെന്റ് സോൺ' പ്രഖ്യാപിക്കുമ്പോൾ, രോഗികളുടെ കണക്ക്, മറ്റു വിശകലനങ്ങൾ, ഭൂമിശാസ്ത്രം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി, അതിർത്തികൾ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കണം. കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ
രാത്രി കർഫ്യൂ - അവശ്യ പ്രവർത്തനങ്ങൾ ഒഴികെ രാത്രിയിൽ എല്ലാം നിരോധിക്കണം. കർഫ്യു കാലാവധി പ്രാദേശിക ഭരണകൂടത്തിനു തീരുമാനിക്കാം.
അവശ്യ സേവനങ്ങൾ മാത്രമേ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അനുവദിക്കാവൂ.
അവശ്യവസ്തുക്കളുടെ ഗതാഗതം ഉൾപ്പെടെയുള്ള അന്തർ-സംസ്ഥാന സർവീസുകൾക്കു നിയന്ത്രണങ്ങൾ പാടില്ല.
സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്‌കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകൾ തുടങ്ങിയവ നിരോധിക്കണം.
റെയിൽവേ, മെട്രോ, ബസ്, ക്യാബുകൾ തുടങ്ങിയ പൊതുഗതാഗതം അവയുടെ ശേഷിയുടെ പകുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.
വിവാഹങ്ങളിൽ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്‌കാര ചടങ്ങുകൾ 20 പേർക്കായി പരിമിതപ്പെടുത്തണം.
ഷോപ്പിങ് കോംപ്ലക്സുകൾ, സിനിമ തിയറ്ററുകൾ, റസ്റ്ററന്റുകളും ബാറുകളും, സ്പോർട്സ് കോംപ്ലക്സുകൾ, ജിം, സ്പാ, നീന്തൽക്കുളം, ആരാധനാലയങ്ങൾ എന്നിവ അടയ്ക്കണം.
വ്യവസായിക, ശാസ്ത്ര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചു പ്രവർത്തിക്കണം
ഓഫിസുകൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം
മരുന്ന് വില കുറയ്ക്കണമെന്ന് കമ്പനികളോട് കേന്ദ്ര സർക്കാർ
പ്രമുഖ മരുന്ന് കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കോവിഡ് വാക്സിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇരു മരുന്ന് കമ്പനികൾക്കും കേന്ദ്രസർക്കാർ കത്തയച്ചതായാണ് വിവരം.
മെയ് ഒന്നുമുതലാണ് 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്. ഈ പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനേഷൻ സൗജന്യമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പൊതുവിപണിയിൽ വിൽക്കേണ്ട വാക്സിനുകളുടെ നിരക്ക് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന് സർക്കാർ തലത്തിൽ 400 രൂപയാണ് ഈടാക്കുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഡോസിന് 600 രൂപ ഈടാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് സർക്കാർ തലത്തിൽ ഡോസിന് 600 രൂപയാണ് വില. സ്വകാര്യ ആശുപത്രികളിൽ 1200 രൂപയ്ക്കാണ് വാക്സിൻ ലഭ്യമാക്കുക.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഷീൽഡിന് പൊതുവിപണിയിൽ ഉയർന്ന വിലയാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പങ്കാളിത്തതോടെ വികസിപ്പെടുത്ത കോവാക്സിന് കോവിഷീൽഡിനേക്കാൾ വില നിശ്ചയിച്ചതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ