ന്യൂഡൽഹി: കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്നു കേന്ദ്ര സർക്കാർ. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ഇത് പറഞ്ഞത്.

വാക്‌സിനേഷനു കോവിഡ് മൂലമുണ്ടാകുന്ന മരണത്തെ തടയാൻ കഴിയും. രണ്ടാം തരംഗം അതിരൂക്ഷമായ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച ഭൂരിഭാഗം ആളുകളും വാക്‌സീൻ സ്വീകരിക്കാത്തവരാണ്. കോവിഡിനെതിരായ പ്രധാന കവചം വാക്‌സിനേഷനാണ്. ഇപ്പോൾ വാക്‌സീൻ സുലഭമാണ്. എല്ലാവരോടും വാക്‌സീൻ സ്വീകരിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ. പോൾ പറഞ്ഞു.

രോഗവ്യാപനം ഒഴിവാക്കാൻ ആഘോഷങ്ങൾ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകൾ ജനങ്ങൾ പരിശീലിക്കണമെന്നും ബൽറാം ഭാർഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടമാണ് ഉണ്ടാകുന്നെതെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്ത് അതിവേഗത്തിൽ തന്നെ വാക്സിനേഷൻ വർധിച്ചു കൊണ്ടിരിക്കുകയാണ്. മെയ്‌ മാസത്തിൽ പ്രതിദിനം 20 ലക്ഷം കോവിഡ് വാക്സിനേഷനുകളാണ് നൽകിയിരുന്നത്. എന്നാൽ സെപ്റ്റംബർ ആയപ്പോൾ ഇത് 78 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, അത് തുടരുകയാണ്. ഇപ്പോഴും രാജ്യത്തെ 35 ജില്ലകളിലെ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും രാജ്യത്തെ 30ലധികം ജില്ലകളിൽ 5 മുതൽ 10 ശതമാനം വരെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.