ലണ്ടൻ: സെഞ്ച്വറി നേടിയ കെ എൽ രാഹുലിന്റെയും അർധ്വ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെയും മികവിൽ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തിട്ടുണ്ട്. 127 റൺസുമായി കെ എൽ രാഹുലും 1 റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.ഓപ്പണർ രോഹിത് ശർമ (145 പന്തിൽ 83), ക്യാപ്റ്റൻ വിരാട് കോലി (103 പന്തിൽ 42), ചേതേശ്വർ പൂജാര (23 പന്തിൽ ഒൻപത്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

തുടക്കത്തിൽ തീരെ പതുക്കെ റൺസ് കണ്ടെത്തിയ രാഹുൽ 137 പന്തിലാണ് അർധസെഞ്ചുറി കടന്നത്. ഇതിനിടെ ആകെ നേടിയത് രണ്ടു ഫോറും ഒരു സിക്‌സും. 212 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു രാഹുലിന്റെ സെഞ്ചുറി.ഇതോടെ ലോർഡ്‌സ് മൈതാനത്ത് ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ഓപ്പണർ എന്ന നേട്ടം കെ.എൽ. രാഹുൽ കൈവരിച്ചു.

രോഹിത് ശർമ 81 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. വിദേശ മണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടം 17 റൺസിനാണ് രോഹിത് ശർമയ്ക്ക് നഷ്ടമായത്. 2011നുശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപ്പണർമാർ രണ്ടുപേരും ഏഷ്യയ്ക്ക് പുറത്ത് ഒരേ ഇന്നിങ്‌സിൽ അർധസെഞ്ചുറി കടക്കുന്നത്. ഇന്ത്യൻ ഇന്നിങ്‌സിൽ രണ്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം രാഹുൽ തീർത്തത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ കെ.എൽ രാഹുൽ സഖ്യം 126 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർമാരുടെ ദയനീയ പ്രകടനത്തിന്റെ കറ മായിച്ചുകളഞ്ഞാണ് ലോർഡ്‌സ് ടെസ്റ്റിൽ രോഹിത്തും രാഹുലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ ബോർഡിൽ എത്തിച്ചത് 126 റൺസാണ്. 2018ലെ പര്യടനത്തിൽ ഇന്ത്യൻ ഓപ്പണർമാരുടെ കൂട്ടുകെട്ട് 10 ഇന്നിങ്‌സുകളിൽനിന്ന് നേടിയത് 237 റൺസാണെങ്കിൽ, ഇത്തവണ മൂന്നാം ഇന്നിങ്‌സിൽത്തന്നെ രോഹിത് ശർമ കെ.എൽ. രാഹുൽ കൂട്ടുകെട്ട് ഈ സ്‌കോർ പിന്നിട്ടു. ഇന്ത്യൻ സ്‌കോർ 126ൽ നിൽക്കെയാണ് ആൻഡേഴ്‌സൻ രോഹിത്തിനെ ക്ലീൻ ബൗൾഡാക്കിയത്.

ലോർഡ്‌സിൽ താരത്തിന്റെ സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി 145 പന്തിൽ 83 റൺസെടുത്താണ് രോഹിത് പുറത്തായത്. 11 ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യൻ സ്‌കോർ 126ൽ നിൽക്കെ ജയിംസ് ആൻഡേഴ്‌സനാണ് രോഹിത്തിനെ പുറത്താക്കിയത്. രോഹിത്തിനു പിന്നാലെ ചേതേശ്വർ പൂജാരയും പുറത്തായതോടെ ആദ്യദിനം ചായയ്ക്കു പിരിയുമ്പോൾ 52 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എന്ന നിലയിലായി ഇന്ത്യ. പൂജാര 23 പന്തിൽ ഒരു ഫോർ സഹിതം ഒൻപത് റൺസെടുത്തു. ജയിംസ് ആൻഡേഴ്‌സന്റെ പന്തിൽ ജോണി ബെയർ‌സ്റ്റോയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് പൂജാര പുറത്തായത്.കോഹ്ലിയെ റോബൻസണും വീഴ്‌ത്തി.

നേരത്തെ, മഴമൂലം വൈകി തുടങ്ങിയ മത്സരം വീണ്ടും മഴയെത്തിയതിനെ തുടർന്ന് നിർത്തിവച്ചിരുന്നു. ഈ സമയത്ത് 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 46 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.