ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റിനിടെ വിഖ്യാത ലോർഡ്‌സ് മൈതാനത്തേക്ക് കടന്നുകയറിയ ഒരു ആരാധകരന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച. ഇന്ത്യൻ ജേഴ്‌സിയിൽ താരങ്ങൾക്കൊപ്പം മൈതാനത്തിറങ്ങിയ 'പന്ത്രണ്ടാമൻ' സുരക്ഷാ ജീവനക്കാരോട് കുപ്പായത്തിലെ ബിസിസിഐ ലോഗോ ചൂണ്ടിക്കാട്ടിയത് ചിരി പടർത്തി. പൊട്ടിച്ചിരിയടക്കാൻ പാടുപെട്ടവരിൽ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജുമുണ്ട്.

ഇംഗ്ലണ്ട്-ഇന്ത്യ ലോർഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനം നാടകീയമായിരുന്നു. ആദ്യ സെഷനിൽ ഇന്ത്യൻ താരം കെ എൽ രാഹുലിനെതിരെ കാണികളിൽ ഒരു വിഭാഗം ഷാംപെയ്ൻ കോർക്കെറിഞ്ഞതായിരുന്നു ഇതിലൊന്ന്. നാടകീയത ഇതിൽ ഒതുങ്ങിയില്ല. ഇന്ത്യയുടെ ടെസ്റ്റ് കുപ്പായമണിഞ്ഞ് ആരാധകരിലൊരാൾ മൈതാനം കീഴടക്കിയതും ലോർഡ്‌സിൽ കണ്ടു.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷൻ തുടങ്ങവേയാണ് ഇന്ത്യൻ താരങ്ങൾക്കൊപ്പം കാണികളിലൊരാൾ മൈതാനത്തേക്ക് മാർച്ച് ചെയ്തത്. ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ വന്ന ഇയാളെ താരങ്ങൾക്ക് പോലും ആദ്യം പിടികിട്ടിയില്ല. എന്നാൽ കുപ്പായത്തിന് പിന്നിൽ ജാർവോ(Jarvo) എന്ന് പേരെഴുതിയിട്ടുള്ള കാണിയെ സ്റ്റേഡിയത്തിലെ ക്യാമറകൾ പിടികൂടി. കമന്റേറ്റർമാരെ അടക്കം പൊട്ടിച്ചിരിപ്പിച്ചു ഈ നാടകീയ രംഗങ്ങൾ. 

ഓടിയെത്തിയ ലോർഡ്‌സിലെ സുരക്ഷാ ജീവനക്കാർ ഈ കുസൃതിക്കാണിയോട് മൈതാനം വിടാൻ ആവശ്യപ്പെട്ടു. എന്നാൽ ജേഴ്‌സിയിലെ ബിസിസിഐ ലോഗോ ചൂണ്ടിക്കാട്ടി ഞാൻ കോലിപ്പടയുടെ ഭാഗമാണ് എന്ന് വാദിക്കുകയാണ് ഇയാൾ ചെയ്തത്. ഇതോടെ ഇയാൾക്കരികിൽ നിന്ന രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് സിറാജിനും ചിരിയടക്കാനായില്ല. ഒടുവിൽ ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്