ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 364 റൺസിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകൾ 88 റൺസ് കൂട്ടിച്ചേക്കുന്നതിനിടെ നിലംപൊത്തി.

62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആൻഡേഴ്‌സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റൺസെടുത്ത രവീന്ദ്ര ജഡേജയും 37 റൺസെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാൻ സഹായിച്ചത്.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു ആറു റൺസ് എടുക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് കൂടി നഷ്ടമായിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായത്. രാഹുലിനെ ഒലി റോബിൻസനും രഹാനെയെ ജയിംസ് ആൻഡേഴ്‌സനും പുറത്താക്കി.

രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റൺസുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച രാഹുൽ, വ്യക്തിഗത സ്‌കോറിനോട് രണ്ടു റൺസ് കൂടി കൂട്ടിച്ചർക്കുമ്പോഴേയ്ക്കും പുറത്തായി. ആകെ 250 പന്തുകൾ നേരിട്ട രാഹുൽ 12 ഫോറും ഒരു സിക്‌സും സഹിതം 129 റൺസെടുത്താണ് പുറത്തായത്. റോബിൻസണിന്റെ പന്തിൽ ഡോം സിബ്ലി ക്യാച്ചെടുത്തു.

തൊട്ടടുത്ത ഓവറിൽ രഹാനെയും പുറത്തായി. ഒരു റണ്ണുമായി ഇന്ന് ബാറ്റിങ് ആരംഭിച്ച രഹാനെയെ ആൻഡേഴ്‌സൻ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 23 പന്തുകൾ നേരിട്ട രഹാനെ ഒരു റണ്ണുമായി കൂടാരം കയറി. നിലയുറപ്പിച്ച രാഹുൽ മടങ്ങിയതോടെ ഇന്ത്യ പതറി.

രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആൻഡേഴ്‌സൺ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തിൽ പുറത്തായി. 23 പന്തിൽ ഒരു റണ്ണായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ സംഭാവന.

മൂന്ന് വിക്കറ്റിന് 276-ൽ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് മുൻപോട്ടു കൊണ്ടുപോയി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. 58 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 37 റൺസെടുത്ത പന്തിനെ മാർക്ക് വുഡാണ് പുറത്താക്കിയത്. പിന്നാലെ രണ്ടു പന്തു മാത്രം നേരിട്ട ഷമിയെ അക്കൗണ്ട് തുറക്കും മുൻപ് മോയിൻ അലി പുറത്താക്കി. എന്നാൽ ജഡേജയും ഇഷാന്തും ചേർന്ന് ഇന്ത്യയെ ല്ചിന് പിരിയുമ്പോൾ 347ൽ എത്തിച്ചു.

ലഞ്ചിനുശേഷം ഇഷാന്ത് ശർമയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആൻഡേഴ്‌സൺ ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചപ്പോൾ അവസാന വിക്കറ്റിൽ വമ്പനടിക്ക് മുതിർന്ന ജഡേജയെ മാർക്ക് വുഡിന്റെ പന്തിൽ ആൻഡേഴ്‌സൺ പിടികൂടി. ഇംഗ്ലണ്ടിനായി ആൻഡേഴ്‌സൺ അഞ്ചും റോബിൻസണും മാർക്ക് വുഡും രണ്ടും മൊയീൻ അലി ഓരു വിക്കറ്റും വീഴ്‌ത്തി.

ആദ്യ ദിനം മഴയും ഈർപ്പമുള്ള പിച്ചും കണ്ട് മോഹിച്ചിറങ്ങിയ ഇംഗ്ലിഷ് ബോളർമാരെ നിരാശരാക്കിയത് രോഹിത് ശർമയുടെ തകർപ്പൻ പ്രത്യാക്രമണം. അർധ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശർമ (83) ടെസ്റ്റിലും തന്റെ 'ക്ലാസ്' തെളിയിച്ചു. ഒന്നാംവിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം ചേർന്നുള്ള 126 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായത്.

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്നമായ ലോർഡ്‌സിൽ ചങ്കുറപ്പോടെ ബാറ്റു വീശിയ കെ.എൽ.രാഹുലിന്റെ സെഞ്ചുറി കരുത്തിലാണ് (127 നോട്ടൗട്ട്) ഇംഗ്ലണ്ടിനെതിരായ 2ാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച തുടക്കം ലഭിച്ചതും.ലോർഡ്‌സിൽ 31 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ ഓപ്പണർ ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്.

മഴയെത്തുടർന്ന് അരമണിക്കൂറോളം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലിഷ് പേസർമാരുടെ പ്രതീക്ഷകളെ ഇന്ത്യൻ ഓപ്പണർമാർ തല്ലിക്കെടുത്തുന്നതാണു തുടർന്നു കണ്ടത്. ആദ്യ പത്തോവർ 11 റൺസ് മാത്രമായിരുന്നു ഇന്ത്യൻ സ്‌കോർ ബോർഡിൽ. 77ാം പന്തിൽ ആദ്യ ബൗണ്ടറി നേടിയതിനു പിന്നാലെ രോഹിത് ശൈലി മാറ്റി.

സാം കറൻ എറിഞ്ഞ 15ാം ഓവറിൽ 4 ഫോർ നേടി താരം നയം മാറ്റം പ്രഖ്യാപിച്ചപ്പോൾ മറുവശത്തു രാഹുൽ പൂർണ പ്രതിരോധം തീർത്തു. 100 പന്തുകൾ നേരിട്ടശേഷമാണ് രാഹുൽ ആദ്യ 20 റൺസ് നേടിയത്. ചേതേശ്വർ പൂജാര (9) വീണ്ടും നിരാശപ്പെടുത്തി. വിരാട് കോലി (42) രാഹുലിനൊപ്പം ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തി.