ന്യൂഡൽഹി: ഫിഫ ഫുട്‌ബോൾ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്. 31 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 101-ാം സ്ഥാനത്തെത്തി. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. റാങ്കിങ്ങിലെ 101-ാം സ്ഥാനം ഇന്ത്യയെ ഏഷ്യൻ ടീമുകൾക്ക് ഇടയിൽ പതിനൊന്നാം സ്ഥാനത്തേക്കും ഉയർത്തി.

1996 ഫെബ്രുവരിയിൽ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇതേവർഷം ഏപ്രിലിൽ ഇന്ത്യ 100-ാം സ്ഥാനത്തും എത്തിയിരുന്നു.

പുതിയ റാങ്കിങ്ങിൽ അർജന്റീനയെ പിന്നിലാക്കി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിന് പിന്നാലെ ഒന്നാം സ്ഥാനം നഷ്ടമായത് അർജന്റീനയ്ക്ക് ഇരട്ട തിരിച്ചടിയായി.

ജർമനി മൂന്നാം സ്ഥാനത്തും ചിലി നാലാം സ്ഥാനത്തും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്. ഫ്രാൻസ് (6), ബെൽജിയം (7), പോർച്ചുഗൽ (8), സ്വറ്റ്‌സർലൻഡ് (9), സ്‌പെയിൻ (10) എന്നിങ്ങനെയാണ് ആദ്യ പത്തു സ്ഥാനത്ത് എത്തിയവർ.