ന്യൂഡൽഹി: ആഗോള മാനവരാശി നേരിടുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് കാൻസർ. ഇതിന്റെ വ്യാപനം അനുദിനം വർധിക്കുകയാണ്. ഇന്ത്യയിലുള്ളത് ഒരു കോടി കാൻസർ രോഗികൾ. ഇവരെ ചികിൽസിക്കാൻ ആകെയുള്ളത് 2000 വിദഗ്ധ ഡോക്ടർമാരും. അനുദിനം കൂടുന്ന മാരക രോഗത്തെ നേരിടുന്നതിൽ രാജ്യം എത്രത്തോളം പിന്നോക്കമാണെന്നതിന് തെളിവാണ് ഈ കണക്കുകൾ. 2015ൽ മാത്രം 11.48 ലക്ഷം പേരിൽ രോഗം സ്ഥിരീകരിച്ചു. എന്നിട്ടും വിദഗ്ധ ഡോക്ടർമാർക്കായി ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരുകളും നടത്തുന്നില്ല.

2025ഓടെ ഇന്ത്യയിൽ 5 കോടി കാൻസർ രോഗികൾ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അഞ്ചിരട്ടി വർദ്ധനവാണ് മുന്നോട്ട് വയ്ക്കുന്നത്. ഏറെ സാമ്പത്തിക പ്രശ്‌നങ്ങളും ഈ രോഗം രാജ്യത്തിന് നൽകുന്നുണ്ട്. രോഗ ബാധിതരുള്ള കുടുംബത്തിന് സമ്പാധ്യത്തിന്റെ കാൽ ഭാഗവും ചികിൽസയ്ക്കായി മാറ്റി വയ്ക്കണം. എന്നിട്ടും ഇതിനെ ചെറുക്കാൻ മതിയായ സംവിധാനമില്ലെന്നാണ് ഡോക്ടർമാരുടെ കുറവ് ചൂണ്ടിക്കാട്ടുന്നത്. റേഡിയേഷൻ ചികിൽസയും ശസ്ത്രക്രിയയും ഈ രോഗത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനും വിദഗ്ധ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധിയാണ്.

ഡോക്ടർമാരുടെ കുറവ് മൂലം സ്വകാര്യ ആശുപത്രികൾക്കും ഈ രംഗത്ത് മികവ് കാട്ടാനാവുന്നില്ല. ഹൃദ രോഗം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും പേർ മരിക്കുന്നത് കാൻസർ രോഗബാധിതരായാണ്. 1990ൽ കാൻസർ രോഗത്തെ തുടർന്നുള്ള മരണം 12 ശതമാനമായിരുന്നു. 2013ൽ ഇത് 15 ശതമാനമായി ഉയർന്നു. എന്നാൽ ഇന്ത്യയിൽ ഈ കാലയളവിൽ അറുപത് ശതമാനമായാണ് മരണ നിരക്ക് ഉയർന്നത്. ഈ സാഹചര്യത്തിൽ ഗൗരവത്തോടെ ക്യാൻസർ രോഗത്തെ ഇന്ത്യ കാണണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഉപദേശം. കേരളത്തിൽ ഒന്നര ലക്ഷത്തോളം കാൻസർ രോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമ്പത്തിഅയ്യായിരത്തോളം കാൻസർ രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നു. ഇവരിൽ പതിനാറായിരത്തിലധികംപേർ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലാണ് ചികിത്സയ്‌ക്കെത്തുന്നത്.

ഇന്ന് ലോക കാൻസർ ദിനമായാണ് ആചരിക്കുന്നത്. കാൻസർ അഥവ അർബുദം എന്ന് പേര് കേൾക്കുന്ന മാത്രയിൽ ഒട്ടുമിക്കപേരുടെയും ഉള്ളിൽ ഉണരുന്ന വികാരം പേടിയോ ആശങ്കയോ ആണ്. ഈ ആശങ്കകൾക്ക് മേലേ പ്രത്യാശയുടെ പൂക്കൾ വിരിഞ്ഞുതുടങ്ങിയെന്നാണ് കാൻസർ ദിനം പറയുന്നത്. മരണത്തിന്റെ മറുവാക്കായി അറിയപ്പെട്ടിരുന്ന കാൻസറിനെ നോക്കി ഇന്ന് ലോകം പറയുന്നു, കാൻസറിനെ അതിജീവിക്കാൻ 'നമുക്ക് കഴിയും, എനിക്ക് കഴിയും'. കാൻസറിനെതിരായ മാനവരാശിയുടെ പോരാട്ടങ്ങളെ ഏകോപിപ്പിക്കാനാണ് യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നത്.

വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും കാൻസർ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനങ്ങളിലൂടെ നമുക്ക് കഴിയും എന്നതാണ് ഈ വർഷത്തെ കാൻസർ ദിന സന്ദേശം.