കൊളംബോ: കൊതുകു പരത്തുന്ന രോഗമായ മലേറിയയെ പൂർണമായും ഇല്ലാതാക്കി നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക ലോകാരോഗ്യ സംഘടനയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റിയപ്പോൾ ഇന്ത്യക്ക് ഇനിയും മലേറിയ മുക്ത രാജ്യമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്കയെ മലേറിയ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

അതേസമയം ഇന്ത്യ കൃത്യമായ മലേറിയ നിർമ്മാർജന പരിപാടികളുമായാണ് മുന്നോട്ടുപോകുന്നതെങ്കിലും 2030ഓടെ മാത്രമേ രാജ്യത്ത് രോഗം പൂർണമായും ഇല്ലാതാകൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. മാലിന്യം കുന്നുകൂടിക്കിടന്നും വെള്ളം കെട്ടിക്കിടന്നും കൊതുതുകൾ പെരുകുന്ന സാഹചര്യംതന്നെയാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.

ഇക്കാര്യത്തിൽ ശ്രീലങ്ക സ്വീകരിച്ച നടപടികൾ ഇന്ത്യ കണ്ടുപഠിക്കണമെന്ന് യുഎൻ ഏജൻസി പറയുന്നു. അതേസമയം, ഇന്ത്യയിൽ മലേറിയ ബാധ ഓരോ വർഷവും കുറഞ്ഞുവരുന്നതിനാൽ ഇന്ത്യ ശരിയായ പാതയിലാണെന്നും അതേസമയം അതിന് വേഗം പോരെന്നുമാണ് അഭിപ്രായമുയരുന്നത്. 2015ൽ 287 പേരാണ് മലേറിയ ബാധിച്ച് രാജ്യത്ത് മരിച്ചത്.

അതേസമയം, 2014ൽ ഉണ്ടായ 562 മരണങ്ങളെ അപേക്ഷിച്ച് ഇത് പാതിയോളമേ വരൂ. ജനസംഖ്യാപരമായ കാരണങ്ങളും വെല്ലുവിളികളും ശ്രീലങ്കയിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിൽ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം.

അതിനാലാണ് ഇന്ത്യക്ക് മലേറിയ നിർമ്മാർജനത്തിന് സമയക്കൂടുതൽ വേണ്ടിവരുന്നത്. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയിൽ സ്ഥിതി വേറെയാണ്. അതിന് അനുസൃതമായി ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം ഇന്ത്യയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കുന്നു.

രാജ്യത്ത് ഉണ്ടാകുന്ന 80 ശതമാനം മലേറിയ കേസുകളും വരുന്നത് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ഹൈറിസ്‌ക് മേഖലകളിൽ നിന്നാണ്. മധ്യ ഇന്ത്യയിലും ഇത്തരം പ്രദേശങ്ങൾ ഉണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇന്ത്യയിൽ പലയിടത്തും ശ്രീലങ്കയിലേതിനേക്കാൾ ജനസാന്ദ്രതയുള്ളതും പ്രശ്‌നമാകുന്നു. അതിനാൽ വൃത്തിഹീനമായ ജീവിത പരിസരം പലയിടത്തും കൊതുകുകൾ പെരുകാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഏതായാലും മലേറിയ നിർമ്മാർജനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ആന്ധ്ര, ചത്തിസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ട്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

മലേറിയക്കെതിരായ പ്രതിരോധമരുന്നുകൾ നൽകലുൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ മാലിദ്വീപിനും ശ്രീലങ്കയ്ക്കും പുറമെ യുഎഇ, മൊറോക്കോ, തുർക്ക്‌മെനിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങളും അടുത്തിടെ മലേറിയ മുക്ത രാജ്യങ്ങളായി മാറിയിട്ടുണ്ട്.