ലുധിയാന: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിങ്ങിനെതിരെ സ്ത്രീപീഡനക്കേസ്. അന്താരാഷ്ട്ര വനിതാ ഹോക്കി താരമാണ് സർദാറിനെതിരെ ലുധിയാന പൊലീസിൽ പരാതി നൽകിയത്. പഞ്ചാബിലെ സിർസ സ്വദേശിയാണ് പരാതിക്കാരിയായ താരം. ഇംഗ്ലണ്ടിൽ ജനിച്ച് ആ രാജ്യത്തിനായി രാജ്യാന്തര മത്സരം കളിച്ച യുവതിയാണ് പരാതിക്കാരിയെന്നാണ് സൂചന.

ലണ്ടൻ ഒളിംപിക്‌സിൽ വച്ചാണ് താൻ സർദാർ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയിൽ പറയുന്നു. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഗർഭിണിയുമായി. എന്നാൽ, അതോടെ സർദാർ വിവാഹ തീരുമാനത്തിൽ നിന്ന് പിന്മാറി. പിന്നീട് ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവിൽ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വർഷം ഗർഭഛിദ്രം നടത്തിയന്നൊണ് പരാതി.

ഈ കാലയളവിൽ സർദാർ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം ആൻഡ്‌വർപിൽ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മർദിച്ച സർദാരിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിനുശേഷം സർദാർ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസിൽ പരാതി നൽകിയതെന്നാണ് വിശദീരകണം.

പരാതിയിൽ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് കമ്മീഷണർ പി.എസ്. ഉമ്രനാംഗൽ അറിയിച്ചു. ബ്രിട്ടീഷ് ജൂനിയർ ഹോക്കി ടീമിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം സർദാർ സിങ്ങുമൊത്തുള്ള ഫോട്ടോ ഈ യുവതി ട്വിറ്ററിൽ ഇട്ടിരുന്നു. വിവാഹം ഉടനെന്നായിരുന്നു അന്ന് ഈ 21 കാരി അവകാശപ്പെട്ടിരുന്നത്.

2012 മുതൽ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാർ സിങ്. ഹരിയാനയിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടൻ ഒളിംപിക്‌സിന്റെ സമയത്ത് യുകെയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ സിങ് ഇതിൽനിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിങ് താമസിക്കുന്ന സിർസാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു.

പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു. സർദാർ സിങ്ങും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുവെന്ന വാർത്തകൾ ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.