റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയെ നിരാശപ്പെടുത്തി ബാഡ്മിന്റൺ വേദി. പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഏറെ പ്രതീക്ഷയുണർത്തിയശേഷം കിടമ്പി ശ്രീകാന്ത് ലോക ചാമ്പ്യനായ ചൈനയുടെ ലിൻ ഡാനോടു തോൽവി സമ്മതിച്ചു.

സെമി ഫൈനലിൽ എത്തുമെന്നു പ്രതീക്ഷിച്ച ടിന്റു ലൂക്ക 800 മീറ്ററിന്റെ ഹീറ്റ്‌സിൽ തന്നെ ആറാമതായി പുറത്തായി. അതേസമയം, ഇന്നിറങ്ങിയ വനിതാ ഗുസ്തി താരങ്ങൾ ആദ്യ മത്സരങ്ങൾ ജയിച്ചു പ്രതീക്ഷയുണർത്തിയെങ്കിലും വിനേഷ് ഫോഗത്ത് പരിക്കേറ്റു പുറത്തായതു തിരിച്ചടിയായി.

ഒളിമ്പിക് ചാമ്പ്യനോടു പൊരുതിത്തോറ്റു ശ്രീകാന്ത്

വേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗെയിമിനാണു ചൈനയുടെ ലിൻ ഡാൻ ശ്രീകാന്തിനെ തോൽപ്പിച്ചത്. ലണ്ടൻ, ബീജിങ് ഒളിമ്പിക്‌സുകളിലെ ജേതാവായ ലിൻ ഡാനെ ഒരു ഘട്ടത്തിൽ ശ്രീകാന്ത് തോൽവിയിലേക്കു തള്ളിവിടുമെന്നു പോലും തോന്നിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലിൻ ഡാൻ ജയിച്ചത്. ലോക മൂന്നാം നമ്പർ താരം കൂടിയാണു നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ലിൻ ഡാൻ. സ്‌കോർ: (21-6, 11-21, 21-18)

ആദ്യ സെറ്റ് വ്യക്തമായ ആധിപത്യത്തോടെയാണ് ലിൻ ഡാൻ നേടിയത്. എന്നാൽ രണ്ടാം ഗെയിമിൽ മത്സരം മാറി മറിഞ്ഞു. രണ്ടാം ഗെയിമിൽ ശ്രീകാന്ത് അതിശക്തമായി തിരിച്ചു വന്നു. രണ്ടാം ഗെയമിലെ ഒരു ഘട്ടത്തിലും ലിൻ ഡാന് ലീഡ് നേടാനായില്ല. വ്യക്തമായ ആധിപത്യത്തോടെയാണ് (11-21) ശ്രീകാന്ത് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

മൂന്നാം സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തപ്പോൾ വിജയിയെ പ്രഖ്യാപിക്കുക അസാധ്യമായിരുന്നു. മൂന്നാം ഗെയിമിൽ 18-17 ൽ വരെ സ്‌കോർ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ലിൻ ഡാൻ ശക്തമായ കളി പുറത്തെടുത്തപ്പോൾ ശ്രീകാന്തിന് പിടിച്ചു നിൽക്കാനായില്ല.

വനിതകളുടെ 800 മീറ്ററിൽ ടിന്റു ലൂക്ക പുറത്ത്

നിതകളുടെ 800 മീറ്ററിൽ ടിന്റു ലൂക്ക പുറത്തായി. ഹീറ്റ്‌സിൽ ആറാമതായാണു ടിന്റു ഫിനിഷ് ചെയ്തത്. സീസണിലെ തന്റെ മികച്ച സമയം 2 മിനിട്ട് 58 സെക്കൻഡ് കുറിച്ചെങ്കിലും അടുത്ത റൗണ്ടിൽ എത്താൻ അതു പര്യാപ്തമാകുമായിരുന്നില്ല. ടിന്റു സെമിയിൽ എത്തുമെന്നു കോച്ച് പി ടി ഉഷ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

വനിതാ ഗുസ്തിയിൽ പരിക്കേറ്റു മടങ്ങി വിനേഷ്

നിതാ ഗുസ്തിയിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കു പരിക്കു വില്ലനായി. വിനേഷ് ഫോഗത്ത് മത്സരത്തിനിടെ പരിക്കേറ്റു മടങ്ങിയതാണ് ഇന്ത്യക്കു തിരിച്ചടിയായത്. വനിതാഗുസ്തി ഫ്രീ സ്‌റ്റൈൽ 48 കിലോ വിഭാഗം ക്വാർട്ടറിൽ ചൈന താരത്തിനെതിരായ മത്സരത്തിലാണ് വിനേഷിനു പരിക്കേറ്റത്. മത്സരം തുടരാനാകാത്ത അവസ്ഥയിലായതോടെ ചൈന താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ പ്രീ ക്വാർട്ടറിൽ റുമേനിയയുടെ എമിലിയ അലിനയെ വിനേഷ് തോൽപ്പിച്ചിരുന്നു.

ഫ്രീ സ്‌റ്റൈൽ 58 കിലോ വിഭാഗത്തിലും ഇന്ത്യക്കു തോൽവി. സാക്ഷി മാലിക് ക്വാർട്ടറിൽ തോറ്റു. റഷ്യയുടെ വലേറിയ കൊബ്ലോവയോടാണു സാക്ഷി തോറ്റത്. മോൾഡോവയുടെ മരിയാന എസാനുവിനെ തോൽപ്പിച്ചാണു സാക്ഷി ക്വാർട്ടറിലെത്തിയത്. നേരത്തെ യോഗ്യത റൗണ്ടിൽ സ്വീഡന്റെ യോഹന്ന മാക്‌സനെ സാക്ഷി തോൽപ്പിച്ചിരുന്നു.