മുംബൈ: സ്വന്തം നാട്ടിൽ ഹിന്ദുക്കൾക്കു ഭീകരപ്രവർത്തനം നടത്തേണ്ട കാര്യമില്ലെന്നു ശിവസേന. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം രാജ്യത്തോടുള്ള അനാദരവാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിൽ പറയുന്നു.

ഇന്ത്യ 100 ശതമാനവും ഒരു ഹിന്ദു രാജ്യമാണ്. അതിനാൽ തന്നെ സ്വന്തം രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഹിന്ദുക്കൾക്ക് ഒരു കാരണവുമില്ല. ഭീകരവാദത്തിന് കാവിനിറം നൽകി രാഷ്ട്രീയം കളിക്കുന്നത് സ്വാർഥതയാണെന്നും ശിവസേനയുടെ മുഖപത്രം പറയുന്നു.

കോൺഗ്രസിന്റെ അപവാദ പ്രചരണത്തിലൂടെ പാക്കിസ്ഥാന് രാജ്യദ്രോഹപ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രചോദനം കൂടുമെന്നും മുഖപത്രത്തിൽ പറയുന്നു. കഴിഞ്ഞ യുപിഎ സർക്കാർ രൂപം നൽകിയ 'ഹിന്ദു ഭീകരത'യെന്ന പ്രയോഗം ഭീകരവാദത്തിനെതിരായ പോരാട്ടത്തെ ദുർബലമാക്കിയെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകളെ പിന്തുണച്ചാണു ശിവസേനയുടെ മുഖപ്രസംഗം.