ആന്റിഗ്വ: അണ്ടർ-19 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യൻ യുവനിര കിരീടം നേടുമ്പോൾ ക്രിക്കറ്റ് ആരാധകർ ആദരവോടെ ചേർത്തു നിർത്തുകയാണ് ഋഷികേശ് കനിത്കർ എന്ന പരിശീലകനെ.  അന്ന് ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിലെ ഫിനിഷിങ് മികവിലൂടെ ഇന്ത്യയുടെ ഹീറോ ആയി മാറിയ ഋഷികേശ് കനിത്ക  ഇത്തവണ ഇന്ത്യൻ കൗമര നിരയുടെ കിരീടകുതിപ്പിന് പിന്നിലെ ഇന്ധനമെന്ന് ഇപ്പോൾ ആരാധകരും തിരിച്ചറിയുന്നു.

1998 ജനുവരി പതിനെട്ടിന് ബംഗ്ലാദേശിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ മഹാരാഷ്ട്രക്കാരനായ ഋഷികേശ് കനിത്കറെന്ന ഇടംകൈയൻ ബാറ്റ്സ്മാന്റെ വിജയ ബൗണ്ടറി ക്രിക്കറ്റ് ആരാധകർ ആരും മറന്നിട്ടുണ്ടാകില്ല. ബെസ്റ്റ് ഓഫ് ത്രീയിലെ ആദ്യ ഫൈനലിൽ ഇന്ത്യയും രണ്ടാം ഫൈനലിൽ പാക്കിസ്ഥാനും വിജയിച്ചു. നിർണായകമായ മൂന്നാം കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ അവസാന രണ്ട് പന്തിൽ വേണ്ടിയിരുന്നത് മൂന്നു റൺസായിരുന്നു. അഞ്ചാം പന്ത് ഫോറിന് പറത്തി 27-കാരനായ കനിത്കർ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

 

ആ കനിത്കറാണ് അണ്ടർ-19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം ചൂടിയ ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിച്ചത്. ഇപ്പോൾ 47 വയസ്സുള്ള കനിത്കറിന്റെ കരിയറിൽ എന്നെന്നും ഓർമിക്കപ്പെടുന്നതാണ് ഈ ലോകകപ്പ് വിജയം. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോൾ ബാറ്റിങ് കോച്ചായി കഴിഞ്ഞ അണ്ടർ-19 ലോകകപ്പ് ടീമിനൊപ്പം കനിത്കറുണ്ടായിരുന്നു. ഡിസംബറിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്.

15 ടൂർണമെന്റുകളിലായി ഒമ്പത് ഫൈനൽ കളിക്കുകയും അഞ്ച് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്. പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇത്തവണ ഇന്ത്യൻ മുന്നേറ്റം. കോവിഡ് ബാധിച്ചതിനാൽ ക്യാപ്റ്റൻ യഷ് ദൂലിനും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്റ്റനെയാണ്.

എന്നാൽ, തിരിച്ചുവന്ന ദൂൽ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലിൽ എത്തിച്ചു. സെമിഫൈനലിൽ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

അണ്ടർ-19 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയ ഇന്ത്യൻ യുവനിരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ യുവനിരയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ടൂർണമെന്റുലടനീളം ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. ഇന്ത്യൻ യുവനിരയുടെ മികവ് കണക്കിലെടുത്താൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിസുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിക്കാമെന്നും പ്രധാനമന്ത്രി അഭിനന്ദന ട്വീറ്റിൽ പറഞ്ഞു.

അതേസമയം, കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ വമ്പൻ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ അംഗത്തിനും 40 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സപ്പോർട്ട് സ്റ്റാഫിന് 25 ലക്ഷം രൂപയും നൽകും. ഇന്ത്യൻ വിജയത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ടീം അംഗങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ടീം കിരീടം നേടിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ജയ് ഷാ, വിജയത്തിൽ വിവി എസ് ലക്ഷ്മൺ വഹിച്ച പങ്കിനെയും പ്രകീർത്തിച്ചു. ഇന്നലെ വൈകിട്ട് നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പിൽ അഞ്ചാം കിരീടം സ്വന്തമാക്കിയത്.