റാഞ്ചി:ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിനും ട്വന്റി 20 ക്രിക്കറ്റ് ടീം നായകനായി തുടക്കമിട്ട രോഹിത് ശർമയ്ക്കും പരമ്പരനേട്ടത്തോടെ പുതിയ ഇന്നിങ്‌സിന് തുടക്കമിടാനായി. അരങ്ങേറ്റ മത്സരത്തിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് കളിയിലെ താരം

അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എൽ.രാഹുലും നായകൻ രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 49 പന്തിൽ 65 റൺസെടുത്ത രാഹുൽ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് 36 പന്തിൽ 55 റൺസടിച്ച് വിജയത്തിനരികെ പുറത്തായി.

സൂര്യകുമാർ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേർന്ന് ഇന്ത്യയെ വിജയവര കടത്തി. പതിനെട്ടാം ഓവറിൽ ജിമ്മി നീഷാമിന്റെ ആദ്യ രണ്ട് പന്തുകൾ തുടർച്ചയായി സിക്‌സിന് പറത്തിയാണ് റിഷഭ് പന്ത് ഇന്ത്യൻ ജയം ആഘോഷിച്ചത്. കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യൻ ബൗളർമാരും വിജയത്തിൽ നിർണായകമായി.

154 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്ന് നൽകിയത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി തുടങ്ങിയ രാഹുലായിരുന്നു കൂടുതൽ അപകടകാരി. 6.4 ഓവറിൽ ഇന്ത്യ 50 റൺസ് കടന്നു.

ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം കിവീസ് നായകൻ ടിം സൗത്തി സ്പിന്നർമാരെ പരീക്ഷിക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. എന്നാലും വിക്കറ്റ് വീഴാതെ കളിക്കാൻ ഓപ്പണർമാർക്ക് സാധിച്ചു. പതിയെ സ്പിന്നർമാരെയും രോഹിത്തും രാഹുലും പ്രഹരിക്കാൻ ആരംഭിച്ചു. 10-ാം ഓവറെറിഞ്ഞ മിച്ചൽ സാന്റ്നറെ രണ്ട് തവണയാണ് രോഹിത് സിക്സ് പറത്തിയത്. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ രോഹിത്തിന്റെ ക്യാച്ച് ബോൾട്ട് പാഴാക്കി. ആദ്യ പത്തോവറിൽ ഇന്ത്യ 79 റൺസെടുത്തു.

തൊട്ടടുത്ത ഓവറിൽ രാഹുൽ അർധശതകം നേടി. 11.4 ഓവറിൽ ടീം സ്‌കോർ 100 കടന്നു. രോഹിത്തും രാഹുലും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഒടുവിൽ ടിം സൗത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ ഗ്ലെൻ ഫിലിപ്സിന്റെ കൈയിലെത്തിച്ച് സൗത്തി കിവീസിന് ആശ്വാസം പകർന്നു.

49 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 65 റൺസെടുത്ത രാഹുൽ, രോഹിത്തിനൊപ്പം 117 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ക്രീസ് വിട്ടത്. വൺഡൗണായി സൂര്യകുമാറിന് പകരം വെങ്കടേഷ് അയ്യരാണ് എത്തിയത്. ആദം മിൽനെയെ സിക്‌സിന് പറത്തി 34 പന്തിൽ അർധസെഞ്ചുറിയിലെത്തിയ രോഹിത് ട്വന്റി 20 കരിയറിലെ ഇരുപത്തിയഞ്ചാം അർധസെഞ്ചുറിയാണ് നേടിയത്.

രോഹിത് മടങ്ങിയതിന് പിന്നാലെ സൂര്യകുമാറും(1) മടങ്ങിയെങ്കിലും റിഷഭ് പന്തും(6 പന്തിൽ 12), വെങ്കടേഷ് അയ്യരും(11 പന്തിൽ 12) ഇന്ത്യയെ വിജയവരം കടത്തി. ന്യൂസിലൻഡിനായി ടിം സൗത്തി നാലോവറിൽ 16 റൺസിന് മൂന്ന് വിക്കറ്റെടുത്തു തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. പന്തും വെങ്കടേഷും 12 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറിൽ 16 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ന്യൂസീലൻഡിന് സാധിച്ചില്ല. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കി. ഒരു ഘട്ടത്തിൽ കിവീസ് 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യ ഓവറുകളിൽ ഇന്ത്യ മത്സരം കൈയിലെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് നൽകിയത്. വെറും 4.1 ഓവറിൽ ഇരുവരും ആദ്യ വിക്കറ്റിൽ 48 റൺസെടുത്തു. എന്നാൽ തകർത്തടിച്ച് കളിച്ച ഗപ്റ്റിലിനെ മടക്കി ദീപക് ചാഹർ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു.

ചാഹറിന്റെ ഷോർട്ട് പിച്ച് പന്ത് സിക്സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കൈയിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ചാഹറിനെ സിക്സ് പറത്തിയ ശേഷം തൊട്ടുടുത്ത പന്തിൽ ഗപ്റ്റിൽ പുറത്താകുകയായിരുന്നു. 15 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 31 റൺസെടുത്താണ് ഗപ്റ്റിൽ ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം മാർക്ക് ചാപ്മാൻ ക്രീസിലെത്തി. 4.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തു.

ചാപ്മാനും മിച്ചലും നന്നായി കളിച്ച് മുന്നേറിയെങ്കിലും അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ചാപ്മാനെ അക്ഷർ രാഹുലിന്റെ കൈയിലെത്തിച്ചു. ചാപ്മാന് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി.

രണ്ട് വിക്കറ്റ് വീണതോടെ കിവീസിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ ഓപ്പണർ മിച്ചലും വീണു. 28 പന്തുകളിൽ നിന്ന് 31 റൺസെടുത്ത മിച്ചലിനെ ഹർഷൽ പട്ടേൽ സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഹർഷലിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. മിച്ചലിന് പകരം ടിം സീഫേർട്ട് ക്രീസിലെത്തി.

എന്നാൽ സീഫേർട്ടിന് അധികസമയം പിടിച്ചുനിൽക്കാനായില്ല. 13 റൺസെടുത്ത താരത്തെ അശ്വിൻ ഭുവനേശ്വർ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ ന്യൂസീലൻഡ് 125 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. സീഫേർട്ടിന് പകരം ഓൾറൗണ്ടർ ജെയിംസ് നീഷാം ക്രീസിലെത്തി. സീഫേർട്ടിന് പിന്നാലെ കിവീസിന്റെ പ്രതീക്ഷയായ ഫിലിപ്സും മടങ്ങി. 21 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 34 റൺസെടുത്ത ഫിലിപ്സിനെ ഹർഷൽ പട്ടേൽ പുറത്താക്കി.

അവസാന ഓവറുകളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. കിവീസിന്റെ വെടിക്കെട്ട് താരമായ നീഷാമിനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 12 പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് മാത്രമെടുത്ത നീഷാമിനെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഹർഷൽ പട്ടേൽ നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. അശ്വിൻ, അക്ഷർ പട്ടേൽ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.