ദോഹ: ഇന്ത്യയുൾപ്പടെയുള്ള 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട. സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സെയ്ഷെൽസ്, ന്യൂസിലാണ്ട് ഉൾപ്പടെയുള്ള 80 രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇനി മുതൽ ഖത്തറിൽ പ്രവേശിക്കാൻ വിസ വേണ്ടെന്നാണ് ഖത്തർ ടൂറിസം അഥോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുമുള്ളവർ വിസയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഖത്തർ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

പാസ്‌പോർട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്നീ രേഖയുള്ളവർക്ക് ഇനി മുതൽ സന്ദർശക വിസയില്ലാതെ ഖത്തറിലെത്താം. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് 180 ദിവസം മുതൽ 30 ദിവസം വരെയുള്ള കാലയളവിൽ രാജ്യത്ത് തങ്ങാമെന്നും മന്ത്രാലയം അറിയിക്കുന്നു. ഏത് രാജ്യത്തിൽ നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചിരിക്കും ഈ കാലയളവ്. 33 രാജ്യങ്ങൾക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് ലഭിക്കുക. ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് കിട്ടുക.

ഇതോടെ സന്ദർശകർക്ക് എളുപ്പം എത്താവുന്ന രാജ്യമായി മാറും ഖത്തർ. നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ പോഷണവും ലക്ഷ്യമിട്ടാണ് ഖത്തർ നീക്കം. തീരുമാനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു.