- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാഞ്ചസ്റ്ററിലെ വിജയത്തിനു പിന്നാലെ രോഹിതിനെ അഭിവാദ്യം ചെയ്ത് ഋഷഭ്; ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷമാക്കി ധവാനും പന്തും ഷാർദൂലും; പിന്നാലെ കോലിയുടെ ' മധുര പ്രതികാരം'; പരമ്പര നേട്ടത്തിൽ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ഇന്ത്യൻ നായകൻ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ പരമ്പര നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ഇംഗ്ലണ്ടിനെതിരെ ട്വന്റി 20- ഏകദിന പരമ്പരകൾ സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്കും സംഘത്തിനുമായി.
ഇരു പരമ്പരകളും 2-1നാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞ ദിവസം നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഏകദിനത്തിൽ കന്നി സെഞ്ചുറി നേടിയ റിഷഭ് പന്തും അർധ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
113 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്ത് പ്ലെയർ ഓഫ് ദ് മാച്ചായി. നാല് വിക്കറ്റെടുത്ത് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്ത ഹാർദിക് പിന്നീട് 71 റൺസെടുത്ത് പന്തിനു മികച്ച കൂട്ടാവുകയും ചെയ്തു. പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഋഷഭ് പന്തിനെ പുകഴ്‌ത്തി ഇംഗ്ലണ്ട് താരങ്ങളടക്കം രംഗത്തെത്തി. വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ അഭിവാദ്യം ചെയ്യുന്ന ഋഷഭ് പന്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
What an outstanding innings by #RishabhPant looked unstoppable.
- @iammp (@maheshspawar1) July 17, 2022
Congratulations team India moments to cherish forever.#INDvsENG pic.twitter.com/GYZNh0XM4m
ഗാലറിയിൽനിന്ന് തള്ളവിരൽ ഉയർത്തി രോഹിത് ശർമ വിജയചിഹ്നം കാണിച്ചപ്പോൾ ഋഷഭ് പന്തും മറുപടിയായി അതാവർത്തിച്ചു. ഗംഭീര ആഘോഷപ്രകടനങ്ങളാണു പരമ്പര വിജയത്തിനു പിന്നാലെ ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ നടത്തിയത്. ഋഷഭ് പന്ത്, ഷാർദൂൽ ഠാക്കൂർ, ശിഖർ ധവാൻ എന്നിവർ ചേർന്ന് ഷാംപെയ്ൻ ബോട്ടിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ നേരെ ഒഴിച്ചു.
WINNERS ???????????? pic.twitter.com/iYu3JSsI5j
- Sky Sports Cricket (@SkyCricket) July 17, 2022
ടീം ഗ്രൂപ്പ് ഫൊട്ടോ എടുക്കുന്നതിനിടെയായിരുന്നു ഷാംപെയ്ൻ പൊട്ടിച്ചുള്ള ആഘോഷം. രോഹിതിന്റെ പിറകിൽ ശിഖർ ധവാനും വലതു ഭാഗത്ത് ഠാക്കൂറും നിന്ന ശേഷമായിരുന്നു ഷാംപെയ്ൻ ഒഴിച്ചത്. ഇതോടെ രോഹിതിന് 'ഷാംപെയ്ൻ ആഘോഷത്തിൽ'നിന്ന് രക്ഷപെടാനും സാധിച്ചില്ല.
ആഘോഷങ്ങൾ അവസാനിക്കുന്നതിനിടെ വിരാട് കോലി ഷാംപെയ്ൻ എടുത്ത് ശിഖർ ധവാൻ, അർഷ്ദീപ് സിങ് എന്നിവരുടെ മേൽ ഒഴിച്ചു. മറ്റു താരങ്ങൾ ഓടിരക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോലി ഇവരുടെ നേർക്കും ഷാംപെയ്ൻ 'പ്രയോഗിക്കുന്നുണ്ട്'. മാൻ ഓഫ് ദ് മാച്ചായ ഋഷഭ് പന്ത് തനിക്കു ലഭിച്ച ഷാംപെയ്ൻ മുൻ പരിശീലകനായ രവി ശാസ്ത്രിക്കു സമ്മാനിച്ചു
Pant offering his champagne to Ravi Shastri#INDvENG #OldTrafford #Pant #TeamIndia pic.twitter.com/n9HguNNuID
- Tejesh R. Salian (@tejrsalian) July 17, 2022
മത്സരശേഷം പരമ്പര നേട്ടത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ സംസാരിച്ചു. ഇംഗ്ലീഷ് പിച്ചുകളിൽ ജയിക്കാൻ സാധിച്ചത് ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് രോഹിത് പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകൾ... ''ഇംഗ്ലീഷ് പിച്ചുകളിൽ ജയിക്കുക എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തവണ ഞങ്ങൾക്ക് ഇവിടെ ജയിക്കാനായിരുന്നില്ല. എന്നാൽ ഇത്തവണ ജയിക്കാനായതിൽ ഏറെ സന്തോഷം. നല്ല പിച്ചായിരുന്നു മാഞ്ചസ്റ്ററിലേത്. എന്നാൽ തുടക്കത്തിൽ വിക്കറ്റ് നഷ്ടമായാൽ പിന്നീട് ജയിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ മധ്യനിര താരങ്ങൾ ക്ഷമ കാണിച്ചു. ഹാർദിക്കും റിഷഭ് പന്തും മനോഹരമായി കളിച്ചു. ഒരു നിമിഷം പോലും അവർ ക്രീസിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടില്ല. അവർ പരസ്പരം പിന്തുണച്ച് കളിക്കുകയാണുണ്ടായത്. യൂസ്വേന്ദ്ര ചാഹലിന്റെ കാര്യത്തിലും ഞാനേറെ സന്തോഷവാനാണ്. ടീമിലെ പ്രധാന താരമാണ് ചാഹൽ.
ലോകകപ്പിന് ശേഷം മനോഹരമായിട്ടാണ് വളരെ നന്നായി ചാഹൽ പന്തെറിയുന്നു. ഹാർദിക്കും അങ്ങനെതന്നെ. മുൻനിര വിക്കറ്റുകൾ നഷ്ടമായത് പിച്ചിൽ നിന്ന് ലഭിച്ച പിന്തുണകൊണ്ടാണെന്ന് കരുതുന്നില്ല. ചില മോശം ഷോട്ടുകൾ കളിച്ചാണ് പുറത്തായത്. സഹതാരങ്ങളിൽ ഇപ്പോഴും വിശ്വസിക്കുന്നു. ടീമിന്റെ ബഞ്ച് സ്ട്രങ്ത് വർധിപ്പിക്കേണ്ടതുണ്ട്. താരങ്ങൾക്ക് പരിക്കേൽക്കാം. വർക്ക് ലോഡ് കുറയ്ക്കണം. വിൻഡീസ് പര്യടനത്തിൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്.'' രോഹിത് പറഞ്ഞുനിർത്തി.


