പ്രതിരോധച്ചെലവുകൾക്കായി ശതകോടികൾ ചെലവഴിക്കുന്ന ഇന്ത്യ ആയുധനിർമ്മാണത്തിൽ പതുക്കെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച 1000 കിലോ ഭാരമുള്ള ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചതോടെ, ആയുധ വ്യാപാര രംഗത്ത് ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) രൂപകൽപന ചെയ്ത് നിർമ്മിച്ച ഗ്ലൈഡ് ബോംബ് വ്യോമസേനാ വിമാനത്തിൽനിന്നാണ് ബംഗാൾ ഉൾക്കടലിലേക്ക് വർഷിച്ചത്. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള റഡാറുകളും ഇലക്ട്രോ-ഒപ്റ്റിക് സംവിധാനങ്ങളും ഉപയോഗിച്ച് ബോംബിന്റെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബ് പതിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

ഭാരമേറിയ ബോംബുകൾ നിർമ്മിക്കാനും ലക്ഷ്യസ്ഥാനത്ത് പതിപ്പിക്കാനുമുള്ള ശേഷി ഇന്ത്യ നേടിയതെന്നതിന് തെളിവാണ് ഈ പരീക്ഷണവിജയമെന്ന് ഡി.ആർ.ഡി.ഒ തലവൻ അവിനാഷ് ചന്ദർ പറഞ്ഞു. പ്രതിരോധച്ചെലവുകൾ ഏറുന്നതായി അടുത്തിടെ ലോക്‌സഭയിൽ സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയിലെ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളിൽ ആയുധ നിർമ്മാണത്തിലും ഗവേഷണങ്ങളിലും കൂടുതൽ മുഴുകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.