അലിഗഢ്: പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം മാത്രമായി ഇന്ത്യ ഇനി തുടരില്ലെന്നും സമീപഭാവിയിൽ പ്രതിരോധ രംഗത്തെ സുപ്രധാന കയറ്റുമതി രാജ്യമായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനിക പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് പുതിയ ഇടം ഉണ്ടാക്കുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.പി. പ്രതിരോധ ഇടനാഴിയുടെ അലിഗഢിലെ കേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ആധുനിക ഗ്രനേഡുകളും റൈഫിളുകളും മുതൽ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവ വരെ ഇന്ത്യയിൽത്തന്നെ നിർമ്മിക്കപ്പെടുന്നു എന്ന കാര്യം ഇന്ന് രാജ്യം മാത്രമല്ല, ലോകവും ഉറ്റുനോക്കുകയാണ്.

സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സ്റ്റേറ്റ് സർവകലാശാലയുടെ ശിലാസ്ഥാപന കർമവും നിർവഹിച്ചു.

അലിഗഢിനും ഉത്തർപ്രദേശിനും മഹത്തായ ഒരു ദിനമാണ് ഇത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരന്തരം പ്രവർത്തിക്കുകയാണ്. രാജ്യമെമ്പാടുമുള്ള നിക്ഷേപകർക്കും ആകർഷകമായ ഒരു സ്ഥലമായി ഉത്തർപ്രദേശ് മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരട്ട എൻജിൻ സർക്കാറിന്റെ ഡബിൾ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഉത്തർപ്രദേശെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

 

ഉത്തർപ്രദേശ് എനിക്ക് വിലമതിക്കാനാകാത്ത സംതൃപ്തിയാണ് തന്നത്. ഒരിക്കൽ രാജ്യത്തിന്റെ വികസനത്തിന്റെ തടസ്സമായിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ വൻ വികസനത്തിന്റെ പ്രചാരണത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി മാറി. രാജ്യത്തെയും വിദേശത്തെയും നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി യുപി മാറി. അതിന് അനുയോജ്യമായ പരിതസ്ഥിതിയുണ്ടായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു ഡബിൾ എൻജിൻ സർക്കാറിന്റെ ഡബിൾ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇപ്പോൾ യുപിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെയും മോദി വിമർശിച്ചു. ഗുണ്ടകളും മാഫിയകളും ഭരിക്കുന്ന ഒരുകാലം യുപിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് അലിഗഢിൽ പുതിയ സർവകലാശാല നിർമ്മിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.