കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത ആയിരുന്നു, നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്നത്. 24 ന്യൂസിലെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററും, ഇപ്പോൾ കേരളാ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കമുള്ള ഇടതുപക്ഷ അനുഭാവികൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഡോ അരുൺകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്. 'കുതിക്കുന്ന അദാനി, വിശക്കുന്ന ഇന്ത്യ! 121.7 ബില്യൻ ഡോളർ ആസ്തിയുള്ള വാറൻ ബുഫെയെ പിന്തള്ളി 123.7 ബില്യൻ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഫോബ്സ് പട്ടികയിൽ ലോകത്തെ നാലാമത്തെ ധനികനായി.അതേ സമയം നൈജീരിയയെ പിന്തള്ളി 8.30 കോടി ദരിദ്ര മനുഷ്യരുമായി ഇന്ത്യ ലോക പട്ടിണി തലസ്ഥാനമായി''.

പക്ഷേ ഈ വാദം എത്രകണ്ട് ശരിയാണ് എന്നതാണ് ചോദ്യം ഉയരുന്നത്. വെറും 20 കോടി ജനസംഖ്യയുള്ള നൈജീരിയയെയും, 137 കോടി ജനസംഖ്യയുള്ള ഇന്ത്യയെയും താരതമ്യം ചെയ്ത് വ്യാജമായി ഉണ്ടാക്കിയ കണക്കാണിത്. നൈജീരിയയിൽ 33 ശതമാനം പേരും പട്ടിണിയിലാണ്. എന്നാൽ ഇന്ത്യയിൽ ആവട്ടെ വെറും ആറുശതമാനം മാത്രമാണ് ദരിദ്രർ ഉള്ളത്. ഇന്ത്യയെ ഒരു വളരുന്ന സാമ്പത്തിക ശക്തിയായി ലോക ബാങ്ക്വരെ വിലയിരുത്തുമ്പോൾ, വ്യാജ കണക്കുകളുമായി ഒരു വിഭാഗം രംഗത്ത് ഇറങ്ങുകയാണ്. വർധിച്ച ജനസംഖ്യ വെച്ചുനോക്കിയാൽ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും, കൊലപാതകങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ അത് കൂടുതൽ ആയിരിക്കും. അതുവെച്ച് ഇന്ത്യ കൊലപാതകികളുടെ രാജ്യമായി എന്ന് വിലയിരുത്താൽ പറ്റുമോ എന്നാണ് ചോദ്യം.

അതേസമയം ബംഗ്ലാദേശ് യുദ്ധകാലത്തൊക്ക് 60 ശതമാനത്തിലേറെ ആയിരുന്നു ഇന്ത്യയുടെ ദാരിദ്ര്യം. സാമ്പത്തിക ഉദാരീകരണം വന്ന 91ശേഷം എതാണ്ട് 30 കോടി ജനങ്ങളെ ഇന്ത്യക്ക് ദാരിദ്ര്യത്തിൽനിന്ന് കരയറ്റാൻ ആയി എന്നാണ് കണക്ക്. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ഇന്ത്യ ഒരു പട്ടിണി രാജ്യമാണെന്ന ചിത്രമാണ് കമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത്.

ഇത് വെറും കണക്കിലെ കളി മാത്രം

സ്വതന്ത്രചിന്തകനും പ്രഭാഷകനും ബ്ലോഗറുമായ പ്രവീൺ രവിയാണ് ഈ വിഷയത്തിൽ അരുൺകുമാറിന് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രവീൺ രവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ഏറ്റവും വലിയ ദുരവസ്ഥ എന്തെന്നാൽ, വസ്തുതകൾ പറഞ്ഞോ, യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇവർക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നതാണ്. പകരം കുറച്ച് അധികം സാമ്പത്തിക അന്ധവിശ്വാസങ്ങളും, നുണകളും, വെറുപ്പിന്റെ രാഷ്ട്രീയത്തിൽ കൂടി പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് ഇന്ത്യക്കോ ഇന്ത്യക്കാർക്കോ യാതൊരു ഗുണവുമില്ല എന്ന് മാത്രമല്ല ബിജെപിയെ ഒന്ന് സ്പർശിക്കാൻ പോലും ആകുന്നുമില്ല. നല്ലൊരു പ്രതിപക്ഷമില്ലാതെ വരുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് അപകടമാണ് എന്ന വസ്തുത നമ്മൾ മറക്കരുത്.'

'24 ന്യൂസ് അവതാരകനും സ്വതന്ത്ര ചിന്തകനും ഒക്കെയായ ഡോക്ടർ അരുൺ കുമാറിന്റെ പരാമർശം നമുക്കൊന്നു നോക്കാം. വിശക്കുന്ന ഇന്ത്യ. സത്യത്തിൽ ഇന്ത്യയിൽ പഴയതുപോലെ വിശപ്പുണ്ടോ? ഇല്ല എന്നതാണ് വാസ്തവം? ഇന്ത്യയിൽ ഉള്ളത് പോഷകാഹാര കുറവാണ്. ഒരു 20 കൊല്ലം മുമ്പ് കോവിഡ് പോലെ ഒരു മഹാമാരി വന്നു വിപണി മുഴുവൻ അടച്ചിട്ടിരുന്നുവെങ്കിൽ കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടന്ന് മരിച്ചു പോയേനെ. എന്നാൽ കോവിഡ് കാലത്ത് അത് ഉണ്ടായില്ല. കാരണം നമ്മൾ ഉണ്ടാക്കിയ വെൽത്ത് നമുക്ക് കാര്യക്ഷമമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ സാധിച്ചു. എല്ലാവർക്കും സുഭിക്ഷമായി കൊടുക്കാൻ സാധിച്ചില്ല എങ്കിലും പട്ടിണി കിടന്ന് മരിക്കാതെ രക്ഷിക്കാൻ നമുക്കായി. അതിനു സാധിച്ചത് 1990 കളിൽ നമ്മുടെ വിപണി തുറന്നു കൊടുത്തതും ലൈസൻസ് രാജ് അവസാനിപ്പിച്ചതും നമ്മുടെ സാമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയതും ആണ്.'

'നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്ര്യമുള്ള രാജ്യമായി, അതാണ് അടുത്ത പ്രസ്താവന. ഇന്ത്യയിൽ 137 കോടി ജനമുണ്ട് അതിന്റെ 6 ശതമാനം ആണ് ഈ പറഞ്ഞ 8 കോടി ജനം. അതേസമയം 7 കോടി ദരിദ്രർ ഉള്ള നൈജീരിയയിൽ അവരുടെ ജനസംഖ്യയുടെ 33 ശതമാനം ആണ് അവിടുത്തെ പട്ടിണി പാവങ്ങൾ. അതായത് 20 കോടി ജനങ്ങളിൽ 7 കോടി ജനവും ദരിദ്രരാണ് എന്നതാണ് വാസ്തവം. ഇന്ത്യയിലെ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ ഉള്ള ക്രിമിനലുകളുടെ എണ്ണം എടുത്താലും ഒക്കെ തന്നെ നമ്മൾ കൂടുതലായിരിക്കും കാരണം നമ്മുടെ ജനസംഖ്യാ അത്രത്തോളം വലുതാണ്. അതിനാണ് നമ്മൾ ശതമാനം നോക്കുന്നത്. അപ്പോഴാണ് നമ്മക്ക് ഒരു ഫെയർ കമ്പാരിസൻ സാധിക്കുക. ഇവിടെ അരുൺ കുമാറിനെ പോലെ ഒരു സ്വതന്ത്ര ചിന്തകൻ ഇത്തരം നുണപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തതുകൊണ്ടാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.

അദാനി വളർന്നത് എങ്ങനെ?

അദാനിയുടെ വളർച്ചയെക്കുറിച്ചും പ്രവീൺ രവി വിശദമായി എഴുതുന്നു. 'ഇനിയും അദാനിയുടെ വളർച്ച നമുക്ക് നോക്കാം. അദാനി എന്റർപ്രൈസസിന്റെ കീഴിൽ നിരവധി സബ്സിഡറി കമ്പനികൾ ആരംഭിച്ച് കമ്പനികളെ ഓരോന്നും സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ വാങ്ങിച്ചും അതിന്റെ വില ഉയർത്തിയും മാർക്കറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും ഇതേ ഷെയറുകൾ ബാങ്കിൽ സെക്യൂരിറ്റിയായി നൽകിയും ലഭിക്കുന്ന ലോണിന്റെ ബലത്തിൽ ആണ് അദാനി വളർന്നത്.

ഇവിടെ അദാനിയുടെ വളർച്ചയ്ക്ക് രണ്ടുകാര്യങ്ങൾ സഹായകരമായിട്ടുണ്ട്. ഒന്ന് വളരെ അഗ്രസീവ് ആയ വെൽത്ത് മാനേജ്മെന്റ്. രണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ അദാനിക്കുള്ള ആക്സസ്. അദാനിക്ക് ആക്സസ് കൊടുക്കരുത് എന്നല്ല അദാനിക്ക് ലഭിക്കുന്നതുപോലെ ബാക്കി എല്ലാവർക്കും ആക്സസ് ലഭിക്കണം എന്നതായിരിക്കണം നമ്മൾ പറയേണ്ടത്. പകരം ഒരുത്തനും കൊടുക്കരുത് എന്ന നിലപാടാണ് ഇവിടെയുള്ള ഇടതന്മാരുടെ സ്ഥിരം നിലപാട്.

ഇന്ത്യയിലെ ബാങ്കുകൾ ഇൻഡസ്ട്രിയൽ ലോൺ കൊടുക്കുന്നതിൽ ചൈനയെക്കാളും വിയറ്റ്നാമിനേക്കാളും എന്ന് വേണ്ട പല എമർജിങ് കൺട്രികളെക്കാളും വളരെ പിന്നിലാണ്. നമ്മുടെ ലോണുകളിൽ ഭൂരിഭാഗവും പേഴ്സണൽ ലോണും കാർഷിക ലോണുമാണ്. ഒരു സ്ഥാപനം തുടങ്ങിയാൽ അതിന് വേണ്ട മൂലധനം സ്വരൂപിക്കാൻ വേണ്ടി ഈ നാട്ടിലെ സാധാരണ ജനങ്ങൾ ബ്ലേഡ് പലിശയ്ക്ക് വായ്പയെടുത്താണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്, നമ്മുടെ നാട്ടിലെ സാധാരണ സംരംഭകർക്കും വളരെ എളുപ്പം ക്രെഡിറ്റ് ലഭിക്കുന്ന രീതിയിൽ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ കൂടുതൽ സുതാര്യമായി കൊണ്ട് പോകുന്നതിന് വേണ്ടി ശ്രമിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിൽ കൂടി മാത്രം ബാങ്കുകളിൽ നിന്ന് ലോൺ കിട്ടുന്ന ഈ അവസ്ഥക്ക് എതിരെ ആണ് സംസാരിക്കേണ്ടത്.

അദനിക്കും അംബാനിക്കും ഒക്കെ വളരെ എളുപ്പം ലോൺ കിട്ടുന്നത് അവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ്, ഇതേ കാരണങ്ങൾ കൊണ്ടാണ് സഹകരണ ബാങ്കിൽ നിന്ന് പലപ്പോഴും പാർട്ടി അനുഭാവികൾക്ക് വളരെ എളുപ്പം ലോൺ കിട്ടുന്നത്. എന്നാൽ സാധാരണക്കാരൻ ലോണിന് വേണ്ടി ചെന്നാൽ അവന്റെ മുമ്പിൽ കൈ മലർത്തി കാണിക്കുകയാണ് പലപ്പോഴും പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ ചെയ്തിരുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന് പറയാൻ ഉള്ള സാമ്പത്തിക സാക്ഷരത ഇല്ലാത്ത ആളുകൾ ആണ് കോർപ്പറേറ്റുകൾക്ക് കൊടുക്കരുത് എന്ന് പറഞ്ഞു നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കിട്ടാകടം പെരുകി കിടക്കുന്നത് പൊതുമേഖല ബാങ്കുകളിലാണ്, ഇതേ ആളുകൾ തന്നെ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രംഗത്തുവരുന്നു. അതായത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ സിൽബന്ധികൾക്കും മാത്രം ആക്സസ് ഉള്ള ഒരു ക്രെഡിറ്റ് മേഖല ഇതാണ് ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ ഉണ്ടായത്. ഇതിനെയാണ് അംബാനിയും അദാനിയും വിജയ് മല്യയും ഒക്കെ സൗകര്യപൂർവ്വം ഉപയോഗിച്ച് കൊണ്ടുപോകുന്നത്.

നിങ്ങൾക്ക് ഇപ്പോഴും ഈ രാജ്യത്തെ പ്രശ്നങ്ങൾ എന്തെന്നും അതിനെ പരിഹരിക്കേണ്ടത് എങ്ങനെ ഒന്നും യാതൊരു ബോധവുമില്ല, ആകെ അറിയാവുന്നത് ഇതുപോലെ കുറെ ചപ്പടാച്ചികൾ അടിച്ചു വിടാനാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.