ഗാർലന്റ് (ഡാലസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ്- ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഗാർലന്റ് ഇന്ത്യാ ഗാർഡൻ റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ റ്റി. സി. ചാക്കോ (പ്രസിഡന്റ്), ബിജിലി ജോർജ് (സെക്രട്ടറി) ബന്നി ജോൺ (ട്രഷറർ), സിജു വി. ജോർജ് (വൈസ് പ്രസിഡന്റ്), മാർട്ടിൻ വിലങ്ങോലിൽ (ജോ. സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് ഓഫിസർ എബ്രഹാം തെക്കേമുറി അറിയിച്ചു.

എബ്രഹാം തോമസ്, പി. പി. ചെറിയാൻ, സണ്ണി മാളിയേക്കൽ, അനിൽ മാത്യു അഗാരിയത്ത്, ജോസ് പ്ലാക്കാട്ട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഐപിസിഎൻഎ ഡാലസ് ചാപ്റ്റർ സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാപ്റ്റർ മുൻ അംഗം ഏലിയാസ് മർക്കോസിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് വാർഷിക റിപ്പോർട്ട് ജോസഫ് മാർട്ടിൻ അവതരിപ്പിച്ചു. ഷിക്കാഗോയിൽ നടന്ന നാഷണൽ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് പ്രസിഡന്റ് ശിവൻ മുഹമ്മ, ഡോ. ജോർജ് കാക്കനാട്, ജോസ് കടാപുറം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി. മധു കൊട്ടാരക്കര, സുനിൽ തൈമറ്റം എന്നിവരുടെ നേതൃത്വത്തിൽ പുതുതായി ചുമതലയേറ്റ ഐപിസിഎൻഎ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സർവ്വവിധ പിന്തുണയും യോഗം വാഗ്ദാനം നൽകി.

നാഷണൽ കമ്മിറ്റി ഓഡിറ്ററായി ഡാലസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർട്ടിൻ വിലങ്ങോലിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. യോഗത്തിൽ ബിജിലി ജോർജ് സ്വാഗതവും മാർട്ടിൻ വിലങ്ങോലിൽ നന്ദിയും രേഖപ്പെടുത്തി