കൊൽക്കത്ത: ഏഷ്യൻ കപ്പ് ക്വാളിഫയറിൽ ഒരു മത്സരം ശേഷിക്കെ യോഗ്യത ഉറപ്പാക്കി ഇന്ത്യൻ ഫുട്‌ബോൾ ടീം. ഗ്രൂപ്പ് ബിയിയിൽ ഫലസ്തീൻ, ഫിലിപ്പീൻസിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹോങ്കോംഗിനെ ഇന്ന് നേരിടാനിരിക്കെയാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.

ഫലസ്തീൻ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും ഏഷ്യൻ കപ്പിന് യോഗ്യത നേടുമെന്നുറപ്പായി. തുടർച്ചയായി രണ്ട് ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നത് ഇതാദ്യമാണ്.

യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീമുകളും ഒപ്പം മികച്ച അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടുക. ഇന്ത്യക്ക് രണ്ട് മത്സരങ്ങളിൽ ആറ് പോയിന്റ് ഉള്ളതുകൊണ്ട് അവസാന മത്സരത്തിന്റെ ഫലം എന്തായാലും ഇനി യോഗ്യത നേടാം. നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഹോങ്കോംഗാണ് ഒന്നാമത്.

ഇത് അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പാക്കുന്നത്. ആദ്യകളിയിൽ കംബോഡിയയെ തോൽപ്പിച്ച സുനിൽ ഛേത്രിയും സംഘവും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ സഹൽ അബ്ദുസമദിന്റെ ഇഞ്ചുറി ടൈം ഗോളിൽ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിൽ ഇന്ത്യക്കും ഹോങ് കോങ്ങിനും ആറ് പോയന്റ് വീതമാണ്. എന്നാൽ, ഗോൾശരാശരിയിൽ ഇന്ത്യ രണ്ടാമതാണ്.

ഇന്ന് രാത്രി എട്ടരയ്ക്ക് ഹോങ്കോംഗിനെ നേരിടും. കൊൽക്കത്തയിലാണ് മത്സരം. കംബോഡിയെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസം സുനിൽ ഛേത്രിയും സംഘത്തിനും കൂട്ടിനുണ്ട്. ഹോങ്കോംഗും ആദ്യരണ്ടുകളിയും ജയിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഹോങ്കോംഗിനെ തോൽപിച്ചാൽ ആധികാരികമായി ഇന്ത്യക്ക് ഫൈനൽ റൗണ്ടിൽ സ്ഥാനം ഉറപ്പിക്കാം.

ഇരുടീമും 15 മത്സരങ്ങളിൽ മുമ്പ് നേർക്കുനേർ വന്നിട്ടുണ്ട്. ഇന്ത്യ ഏഴിലും ഹോങ്കോംഗ് നാലിലും ജയിച്ചു. നാല് കളി സമനിലയിൽ. 1993ന് ശേഷം ഇന്ത്യക്ക് ഹോങ്കോംഗിനെ തോൽപ്പിക്കാനായിട്ടില്ല. കംബോഡിയയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. സുനിൽ ഛേത്രി ഇരട്ടഗോൾ നേടിയിരുന്നു.

രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിനും തോൽപ്പിച്ചു. ആ മത്സരത്തിലും ഛേത്രി ഗോൾ നേടി. വിജയഗോൾ മലയാളി താരം സഹുൽ അബ്ദുൾ സമദിന്റെ വകയായിരുന്നു.