ന്യൂഡൽഹി: ബിജെപി ദേശീയവക്താവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാൻ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

'ഹിന്ദു, സിഖ്, ക്രിസ്ത്യൻ, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാൻ എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നത് എന്നതിന് ലോകം സാക്ഷിയാണ്. എല്ലാ മതങ്ങൾക്കും വലിയ ബഹുമാനമാണ് ഇന്ത്യൻ സർക്കാർ നൽകുന്നത്. മതഭ്രാന്തന്മാരെ മഹത്വവത്കരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണം', വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയിൽ മുസ്ലിങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും രാജ്യത്ത് മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവിന്റെ വിവാദപരാമർശത്തിൽ അപലപിക്കുന്നു. ലോകരാജ്യങ്ങൾ ഇതിൽ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയത്.

പരാമർശത്തിൽ കുവൈത്തും ഖത്തറും ഇറാനും സൗദിയും അടക്കമുള്ള രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചു. വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമെന്നും ഇന്ത്യാ സർക്കാർ ക്ഷമാപണം നടത്തണമെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും പ്രതിഷേധമറിയിച്ചത്.

എന്നാൽ ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ) പ്രസ്താവന കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഒ.ഐ.സിക്ക് ഇടുങ്ങിയ ചിന്താഗതിയാണ്, വിമർശനം അനുചിതമാണെന്നും വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്നും ചൂണ്ടിക്കാണിച്ചു.

വിവാദപരാമർശം നടത്തിയ ദേശീയവക്താവ് നൂപുർ ശർമയെയും പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡലിനെയും ബിജെപി. പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം ഗ്യാൻവാപി വിഷയത്തിൽ ചാനൽ ചർച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമർശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാൻപുരിൽ വൻ സംഘർഷമുണ്ടായത്. ട്വിറ്ററിലായിരുന്നു നവീൻ ജിൻഡലിന്റെ വിവാദ പോസ്റ്റ്.