കൊച്ചി: സിനിമാ പരിപാടികളും അനുബന്ധ വിവരങ്ങളും സൗജന്യ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈൽ ടിവിയായ മൂവിസ്ഥാൻ ടിവി ഏപ്രിൽ 14ന് പ്രവർത്തനമാരംഭിക്കും. തുടക്കത്തിൽ മലയാളം സിനിമയുമായി ബന്ധപ്പെട്ട വാർത്തകളുൾപ്പെടെയുള്ള പരിപാടികളാണ് മൂവിസ്ഥാൻ ടിവിയിലൂടെ ലഭ്യമാക്കുകയെന്ന് പ്രൊമോട്ടർമാർ കൊച്ചിയിൽ അറിയിച്ചു. ഘട്ടംഘട്ടമായി ഇത് ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിൽ നടന്ന സംവിധായകൻ സിബി മലയിൽ മൂവിസ്ഥാൻ ടിവിയുടെ ലോഗോ പ്രകാശനം ചെയ്തു.

'തീർത്തും സൗജന്യമായ ഏറെ പ്രത്യേകതകളുള്ള ഈ ആപ്പിൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ, റിപ്പോർട്ടുകൾ, സിനിമാ ട്രെയ്‌ലറുകൾ, പാട്ടുകൾ, പുതിയ റിലീസുകൾ തുടങ്ങി സിനിമാരംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ലഭ്യമാകും. ഇതിൽ ഷോർട്ഫിലിമുകൾ റിലീസ് ചെയ്യാനും അവസരമുണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട അധികമാരുമറിയാത്ത വസ്തുതകൾ വിലയിരുത്തലുകൾക്കും അവലോകനങ്ങൾക്കുമൊപ്പം ലൈവായും വീഡിയോഓൺഡിമാൻഡായും ലഭ്യമാക്കുന്നതായിരിക്കും. ഒരു സിനിമാപ്രേമി അറിയാൻ താൽപര്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഒരു വേദിയിൽ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,' മൂവിസ്ഥാൻ ടിവിയുടെ പ്രൊമോട്ടറായ ഒ.എം. വെഞ്ച്വേഴ്‌സ് സ്ഥാപകനും സിഇഒയുമായ രാംമോഹൻ നായർ പറഞ്ഞു.

ഓരോ സിനിമയുടെയും ആശയരൂപീകരണം മുതൽ ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങി അതിന്റെ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിലൂടെ സിനിമാ വ്യവസായത്തിന്റെ തന്നെ മുഖ്യവക്താവാകുകയെന്നതാണ് മൂവിസ്ഥാൻ ടിവിയുടെ ലക്ഷ്യം. റിലീസിന് ശേഷമുള്ള സിനിമയുടെ പ്രൊമോഷൻ, മാർക്കറ്റിങ്, ബോക്‌സോഫീസ് പ്രതികരണം, കണക്കുകൾ തുടങ്ങിയ വിവരങ്ങളും ഇതിൽ ലഭ്യമാക്കും. കൂടാതെ സിനിമയുടെ അനുബന്ധ വിഭാഗങ്ങളായ ഫാഷൻ, മെയ്ക്കപ്പ്, ലൈറ്റിങ്, സാങ്കേതികവിദ്യ, സംഗീതം, കല, സാഹിത്യം തുടങ്ങിയ മേഖലകളെ സംബന്ധിച്ച വാർത്തകളും മൂവിസ്ഥാൻ ടിവി ലഭ്യമാക്കും.

പഴയകാലത്തെയും പുതിയ തലമുറയിലെയും താരങ്ങൾ, സാങ്കേതികവിദഗ്ദ്ധർ തുടങ്ങി മറ്റ് പിന്നണി പ്രവർത്തകരുടെ ജീവിതവും സ്മരണകളും മൂവിസ്ഥാൻ ടിവിയിലിടം പിടിക്കും. 'സിനിമാ വ്യവസായത്തിനും പ്രേക്ഷകർക്കുമിടയിലെ കണ്ണിയായി മൂവിസ്ഥാൻ ടിവി നിലനിൽക്കും. സിനിമയുമായി ബന്ധപ്പെട്ട പഴയകാല വിവരങ്ങൾ തേടുന്നവർക്ക് എണ്ണിയാൽ തീരാത്ത വിവരങ്ങളുടെ ഭണ്ഡാരം തന്നെ മൂവിസ്ഥാൻ ടിവി വീഡിയോ ഫോർമാറ്റിൽ ലഭ്യമാക്കും ,' മൂവിസ്ഥാൻ ടിവിയുടെ ക്രിയേറ്റിവ് ഡയറക്ടർ പ്രമോദ് പയ്യന്നൂർ പറഞ്ഞു.