ട്രെയിനുകളിലും ബസ് സ്റ്റാന്റിലും പാട്ടുപാടി നടന്ന മൂന്നാം ലിംഗക്കാരിയും ദളിത് വിഭാഗത്തിലുംപെട്ട മധു കിന്നാർ ഇനി റായ്ഗഡ് നഗരസഭ ഭരിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നാം ലിംഗത്തിൽപ്പെട്ട ഒരാൾ കോർപ്പറേഷൻ മേയർ ആകുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് നഗരസഭയിലേയ്ക്ക് 4,537 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമാണ് മധുവിന് ലഭിച്ചത്. ബിജെപിയുടെ മഹാവീർ ഗുരുജിയെയാണ് റായ്ഗഡിൽ മധു കിന്നാർ പരാജയപ്പെടുത്തിയത്.

35 വയസ്സായ മധുവിന്റെ യഥാർഥ പേര് നരേഷ് ചൗഹാൻ എന്നാണ്. ജനങ്ങൾ തന്നിലർപ്പിച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മധു കിന്നാർ പ്രതികരിച്ചു. അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്നത് ചെയ്യുമെന്നും അവർ വ്യക്തമാക്കി. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മധു ജീവിക്കുന്നതിനായി ട്രെയിനിൽ പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്ത് വരികയായിരുന്നു. തന്റെ സമ്പാദ്യത്തിൽനിന്നും 70000 രൂപയോളമാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി മധു ചെലവാക്കിയത്

അതേ സമയം മധുവിന്റെ വിജയം ബിജെപിക്കും കോൺഗ്രസിനും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ മേയറായിരുന്നു കോർപ്പറേഷൻ ഭരിച്ചിരുന്നത്. ജനവിധി ഞങ്ങൾ അംഗീകരിക്കുന്നതായും തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. മധു കിന്നാറിന്റേത് വിജയമായി കാണാൻ കഴിയില്ല, അത് ബിജെപിയുടെ പരാജയമാണെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്.