രാജ്യത്തിന്റെ തലസ്ഥാനമാകുമ്പോൾ അതിന് അൽപം തലയെടുപ്പ് കൂടിയാലും കുഴപ്പമൊന്നുമില്ല. അതിനാലായിരിക്കണം ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയം പണിയാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങുകയാണ്. ദി നാഷണൽ കൺസ്ട്രക്ഷൻ കോർപ്പറേഷനാണീ ബൃഹത് ഫ്‌ലാറ്റ് സമുച്ചയം പണിയാനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടസമുച്ചയമായ ഇതിന് 100 നിലകളുണ്ടാകും. 2500 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ഡൽഹിയിലെ കാർക്കർഡൂമയിലാണ് ഈ കെട്ടിടം ഉയരുന്നത്. അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ ഇതിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിഡിഎ അടുത്തിടെ കാർക്കർഡൂമയിൽ എൻബിസിസിക്ക് വേണ്ടി 75 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഈസ്റ്റ് ഡൽഹി ഹബ് പ്രൊജക്ടുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുകയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡെവലപ്പറായ എൻബിസിസി ഇപ്പോൾ. ട്രാൻസിസ്റ്റ് ഓറിയന്റഡ് ഡവലപ്‌മെന്റ്(ടിഒഡി) ചട്ടങ്ങൾ, സ്മാർട്ട്‌സിറ്റി തത്ത്വങ്ങൾ എന്നിവയിലധിഷ്ഠിതമായാണ് ഈ പ്രൊജക്ട് യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 100 നിലകളുള്ള ടവർ വരുന്നത്. ഇതിൽ 3000 മുതൽ 4000 വരെ കുടുംബങ്ങൾക്ക് താമസസൗകര്യവും കമേഴ്‌സ്യൽ, റിക്രിയേഷനണൽ ഏരിയകളും ലഭിക്കും. ഡിഡിഎയും എൻബിസിസിയും ചേർന്നാണ് പ്രസ്തുത പ്രൊജക്ട് യാഥാർത്ഥ്യമാക്കുന്നത്. ഇത് മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് എൻബിസിസിയുടെ സിഎംഡി ആയ അനൂപ് കുമാർ മിത്തൽ പറയുന്നത്. സർക്കാരിന്റെ സ്മാർട്ട്‌സിറ്റി സങ്കൽപത്തിനനുസൃതമായാണീ പ്രൊജക്ട് നടപ്പിലാക്കുന്നത്.

പണി പൂർത്തിയാക്കിയതിന് ശേഷം ലേലം ചെയ്യുന്ന നടപടി ഒഴിവാക്കി സ്വകാര്യ ഡെവലപർമാർ ചെയ്യുന്നത് പോലെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ വിൽക്കാനാണ് ഡിഡിഎ പദ്ധതിയിടുന്നത്. നോയിഡയിലും ഗർഗോണിലും ഉയർന്ന കെട്ടിടങ്ങൾ ഏറെയുണ്ടെങ്കിലും ഡൽഹി ഇക്കാര്യത്തിൽ പിന്നിലാണ്. ബ്രൈ ഗ്രൂപ്പ് നോയിഡയിൽ ബ്രൈസ് ബുസ് എന്ന പേരിൽ 81 നിലകളുള്ള ഒരു കെട്ടിടം പണിതുയർത്തുന്നുണ്ട്. വടക്കെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിതെന്നാണ് കമ്പനി പറയുന്നത്. മുംബൈയിൽ ലോധ ഗ്രൂപ്പ് 117 നിലകളുള്ള ഒരു ടവർ പണിയുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറാണിതെന്ന് റിപ്പോർട്ടുണ്ട്.