കണ്ണൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 28-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ പി.ആർ.ശ്രീജേഷ് അർഹനായി. 25000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഡിസംബർ 3ന് പേരാവൂരിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.

2016ൽ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ നായകനായ ശ്രീജേഷ് അർജുന അവാർഡ് ജേതാവ് കൂടിയാണ്. 2015ലെ ധ്രുവ് ബത്ര അവാർഡും നേടിയിട്ടുണ്ട്.2011ൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ രണ്ട് പെനാൽറ്റി സ്‌ട്രോക്കുകൾ രക്ഷപ്പെടുത്തിയതോടെയാണ് ശ്രീജേഷ് രാജ്യത്തിന്റെ അഭിമാന താരമായത്. ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ചതും ശ്രീജേഷായിരുന്നു. ക്വാർട്ടർ ഫൈനൽ വരെ ടീമെത്തുകയും ചെയ്തു. ഒളിമ്പിക്‌സിൽ ഇന്ത്യൻ പുരുഷ ടീമിന്റെ സമീപകാല മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇത്.

2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണം, 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2015 ഹോക്കി വേൾഡ് ലീഗിൽ വെങ്കലം എന്നിവ ശ്രീജേഷിന്റെ മികച്ച നേട്ടങ്ങളാണ്. ജിമ്മി ജോർജിന്റെ മകൻ ജോസഫ് ജോർജാണ് അവാർഡ് ജേതാവിനെ പേരാവൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. ജിമ്മി ജോർജിന്റെ സഹോദരങ്ങളായ ജോസ് ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, ജിമ്മി ജോർജ് ക്ലബ്ബ് സെക്രട്ടറി എ.എം.അബ്ദുൾ ലത്തീഫ് എന്നിവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.