റിയോ ഒളിമ്പിക്‌സിൽ മൂന്ന് മത്സരദിനങ്ങൾ പിന്നിടുമ്പോഴും നിരാശയോടെ കാത്തിരിക്കുകയാണ് ഇവിടെ 120 കോടിയോളം ജനങ്ങൾ. ആശ്വസിക്കാൻ നല്ല വാർത്തകളൊന്നും ബ്രസീലിൽനിന്ന് കേൾക്കാനില്ലാത്തതിന്റെ നിരാശയിലാണ് ഇന്ത്യക്കാർ. ഹോക്കിയിൽ അയർലൻഡിനെതിരെ നേടിയ നിറംകെട്ട വിജയവും ജിംനാസ്റ്റിക്‌സിൽ ദിപ കർമാകറുടെ ഫൈനൽ പ്രവേശവും ഒഴിവാക്കിയാൽ മറ്റെല്ലാം നിരാശപ്പെടുത്തുന്ന വിശേഷങ്ങൾ തന്നെ.

ഷൂട്ടിങ്ങിൽനിന്നാണ് ഇന്ത്യ കൂടുതൽ പ്രതീക്ഷിച്ചത്. പ്രത്യേകിച്ചും 2008 ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയിൽനിന്ന്. തുടരെ മൂന്നാം ഒളിമ്പിക്‌സിലും 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഫൈനലിൽ കടക്കാനായെങ്കിലും ഇക്കുറി നാലാം സ്ഥാനമാണ് ബിന്ദ്രയ്ക്ക് നേടാനായത്. ഈയിനത്തിൽ 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഗഗൻ നാരംഗിനാകട്ടെ ഫൈനലിൽ കടക്കാൻ പോലുമായില്ല.

ഇതേവരെ മത്സരിച്ച മറ്റു ഷൂട്ടർമാരുടെയും കാര്യം വ്യത്യസ്തമല്ല. ജീത്തുറായി, ഹീന സിദ്ധു, മാനവ്ജിത് സിങ് സന്ധു, കൈനൻ ചെനായ്, അയോണിക പോൾ, അപൂർവ ചന്ദേല എന്നിവരും ഫൈനലിൽപ്പോലും കടക്കാൻ കഴിയാതെ പുറത്തായി. ഷൂട്ടിങ്ങിൽനിന്ന് പ്രതീക്ഷിച്ച നേട്ടം ഇക്കുറിയുണ്ടാവില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്.

അമ്പെയ്്ത്തിലാണ് മറ്റൊരു പ്രതീക്ഷ പൊലിഞ്ഞത്. വനിതാ വിഭാഗം ടീമിനത്തിൽ ദീപിക കുമാരി, ബൊംബെയ്‌ല ദേവി, ലക്ഷ്മിറാണി മാജി എന്നിവരടങ്ങിയ ടീം ക്വാർട്ടർവരെ എത്തിയതാണ്. എന്നാൽ, നിരാശാജനകമായ പ്രകടനത്തിലൂടെ റഷ്യയോട് പരാജയപ്പെട്ട് അവരും മടങ്ങി. വ്യക്തിഗത ഇനത്തിൽ ലക്ഷ്മി റാണി പുറത്തായിക്കഴിഞ്ഞു.

ഹോക്കിയിൽ മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യ എത്തിയത്. എന്നാൽ ദുർബലരെന്ന് വിശേഷിപ്പിക്കാവുന്ന അയർലൻഡിനോട് നേടാനായത് 3-2 ജയം മാത്രം. കരുത്തരായ ജർമനിക്കെതിരെ കൂടുതൽ ഊർജസലമായ പ്രകടനം കാഴ്ചവച്ചെങ്കിലും അവസാന നിമിഷം വഴങ്ങിയ ഗോളിൽ മത്സരം 2-1ന് കൈവിടുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ കടക്കണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽക്കൂടി ഇന്ത്യക്ക് ജയിച്ചേ തീരൂ.

ജിംനാസ്റ്റിക്‌സിൽ വോൾട്ട് വ്യക്തിഗത ഇനത്തിൽ ഫൈനലിൽ കടന്ന ദിപ കർമാകറാണ് ഇന്ത്യക്ക് ആശ്വാസം പകർന്ന താരങ്ങളിലൊരാൾ. ജിംനാസ്റ്റിക്‌സിൽ ആദ്യമായി ഫൈനലിൽ കടക്കുന്ന ഇന്ത്യക്കാരിയാണ് ദിപ. വോൾട്ട് ഇനത്തിൽ ഫൈനലിൽ കടന്ന ദിപയുടെ അടുത്ത മത്സരം അടുത്ത ഞായറാഴ്ചയാണ്. റോവിങ്ങിൽ ക്വാർട്ടറിലെത്തിയ ദത്തു ഭോക്കനാലും നിരാശാഭരിതരായ ഇന്ത്യൻ കായികപ്രേമികൾക്ക് തെല്ലാശ്വാസം പകർന്നു.

ബോക്‌സിങ്, ഗുസ്തി മത്സരങ്ങൾ തുടങ്ങാനിരിക്കെ കൂടുതൽ പ്രതീക്ഷയോടെയാണ് ഇനിയുള്ള ദിവസങ്ങളെ ഇന്ത്യ കാണുന്നത്. അത്‌ലറ്റിക്‌സിൽനിന്ന് ഇന്ത്യ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ആരെങ്കിലും ഫൈനലിൽ കടക്കുകയാണെങ്കിൽ അത് മെഡലോളം പോന്ന സന്തോഷമായി മാറും.