ബെംഗളൂരു: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണം പരാജയപ്പെട്ടു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ കിരൺ കുമാർ സ്ഥിരീകരിച്ചു.

പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 29 മണിക്കൂർ കൗണ്ട് ഡൗൺ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് ആരംഭിച്ചത്. ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഏഴു ദിശാസൂചക ഉപഗ്രഹങ്ങളിൽപ്പെട്ട ഐആർഎൻഎസ്എസ്-1 എയുടെ മൂന്നു റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് ഇതിനെ പിന്തുണയ്ക്കാനുള്ള ബാക്കപ്പായി 1400 കിലോഗ്രാം ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയച്ചത്

ഉപഗ്രഹത്തിന് പി.എസ്.എൽ.വി സി 39 റോക്കറ്റിൽനിന്ന് വേർപെടാനായില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ആയിരുന്നു വിക്ഷേപണം. ഗതിനിർണയത്തിനുള്ള 'നാവിക്' ശൃംഖലയിൽ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013-ൽ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടർന്നാണ് പുതിയത് ഭ്രമണപഥത്തിൽ എത്തിക്കാൻ ശ്രമിച്ചത്.

ഗതിനിർണയ സംവിധാനത്തിന് തുടക്കമിട്ട് 2013-ൽ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ്. -1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകൾ പ്രവർത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിർണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂർണതോതിലുള്ള പ്രവർത്തനം ജനുവരിമുതൽ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.

പി.എസ്.എൽ.വി. സി-39 റോക്കറ്റുപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിക്കാനായിരുന്നു ശ്രമം. കൗണ്ട് ഡൗൺ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.